a

ന്യൂഡൽഹി: ഒ.ടി.ടി റിലീസിലൂടെ ഹിറ്റായ ഹിന്ദി ചിത്രം ലാപതാ ലേഡീസിന് ഓസ്‌കർ നോമിനേഷൻ. മികച്ച വിദേശ സിനിമ വിഭാഗത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുക.

കിരൺ റാവു സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാണം ആമിർ ഖാനും കിരൺ റാവുവും ജ്യോതി ദേശ്പാണ്ഡെയും ചേർന്നാണ്. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2024 മാർച്ച് ഒന്നിനാണ് റിലീസ് ചെയ്തത്. പക്ഷേ വിജയിച്ചില്ല. എന്നാൽ ഏപ്രിലിൽ നെറ്റ്ഫ്ളിക്സ് സ്ട്രീമിംഗിലൂടെ സൂപ്പർ ഹിറ്റായി. 2023ലെ ടൊറന്റോ ഫെസ്റ്റിവലിലായിരുന്നു ആദ്യ പ്രദർശനം.

പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വച്ച് പരസ്പരം മാറിപ്പോകുന്ന രണ്ട് നവവധുമാരുടെ കഥയാണ് സിനിമ പറയുന്നത്.

ബോളിവുഡ് ഹിറ്റ് ആനിമൽ, ദേശീയ അവാർഡ് നേടിയ ആട്ടം, കാൻ ഫെസ്റ്റിലെ വിജയി ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്നിവയുൾപ്പെടെ 29 ചിത്രങ്ങളുടെ പട്ടികയിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുത്തത്. ആടുജീവിതം, ഉള്ളൊഴുക്ക് എന്നിവയും പട്ടികയിലുണ്ടായിരുന്നു.