
ചെന്നൈ: മതേതരത്വം യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയിൽ അതിന് വിലിയ പ്രസക്തിയില്ലെന്നും വിവാദ പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ.എൻ. രവി. രാജ്യത്തെ ജനങ്ങൾക്കെതിര പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതിൽ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്നും ഗവർണർ പറഞ്ഞു.
ഞായറാഴ്ച കന്യാകുമാരിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. പള്ളിയും രാജാവും തമ്മിലുള്ള സംഘർഷത്തിന്റെ ഫലമാണ് യൂറോപ്പിലെ മതേതരത്വം. നമ്മുടെ ഭരണഘടനാ രൂപവത്കരണ വേളയിലും ചിലർ മതേതരത്വത്തെ ഉയർത്തിപ്പിടിച്ചു. ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം കൂട്ടിച്ചേർത്തതിന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. 25 കൊല്ലത്തിനു ശേഷം അടിയന്തരാവസ്ഥക്കാലത്ത്, അരക്ഷിതാവസ്ഥയിലുള്ളൊരു പ്രധാനമന്ത്രി ചില വിഭാഗങ്ങളിലെ ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിന് ഭേദഗതിയിലൂടെ മതേതരത്വം കൂട്ടിച്ചേർക്കുകയായിരുന്നെന്നും പരിഹസിച്ചു.
തീർത്തും ജനാധിപത്യ വിരുദ്ധമാണ് ഗവർണറുടെ വാക്കുകൾ. അദ്ദേഹം ഇന്ത്യയുടെ ആത്മാവായ മതേതതരത്വത്തെയും ഭരണഘടനയെയും തള്ളിപ്പറയുകയാണ്
- വൃന്ദ കരാട്ട്, സി.പി.എം
പൊളിറ്റ്ബ്യൂറോ അംഗം