
ന്യൂഡൽഹി: ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ വൻ നിക്ഷേപം നടത്താൻ താത്പര്യമറിയിച്ച് ഗൂഗിൾ അടക്കം യു.എസിലെ ടെക് ഭീമന്മാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലാണ് കമ്പനികളുടെ പ്രതികരണം.
സുന്ദർ പിച്ചൈ (ഗൂഗിൾ), ജെൻസൻ ഹുവാംഗ് (എൻവിഡിയ), ശന്തനു നാരായൺ (അഡോബ്), അരവിന്ദ് കൃഷ്ണ (ഐ.ബി.എം), ജൂലി സ്വീറ്റ് (അസെഞ്ചർ) തുടങ്ങി 15 ടെക് മേധാവികൾ മോദിയുമായി സംവദിച്ചു. എ.ഐ, സെമി കണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ആഴത്തിലാക്കാൻ കമ്പനികൾ ധാരണയായി.
ഇന്ത്യയിലെ ടെക് മുന്നേറ്റവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. എ.ഐയുടെ പ്രയോജനം എല്ലാവരിലേക്കും എത്തണമെന്ന് മോദി പറഞ്ഞു. എ.ഐയുടെ ധാർമ്മികവും ഉത്തരവാദിത്വ ബോധത്തോടെയുമുള്ള ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി.
1500 കോടി ഡോളർ
നിക്ഷേപം
ഇന്ത്യയെ സെമികണ്ടക്ടർ നിർമ്മാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടർ മേഖലയിൽ രാജ്യം 1500 കോടി ഡോളറിന്റെ നിക്ഷേപം നടത്തും.
മോദിയെ പ്രശംസിച്ച്
സുന്ദർ പിച്ചൈ
ഇന്ത്യയിൽ ഗൂഗിൾ ഉത്പന്നങ്ങളുടെ ഡിസൈനിംഗും നിർമ്മാണവും വിപുലമാക്കാൻ നരേന്ദ്ര മോദി സർവ പ്രോത്സാഹനവും നൽകുന്നുണ്ടെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ. എ.ഐ മേഖലയുടെ വികസനത്തിൽ മോദി വഹിക്കുന്ന പങ്കിനെ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യൻ നിർമ്മിത പിക്‌സൽ ഫോണുകളിൽ ഞങ്ങൾ അഭിമാനിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയിൽ മാറ്റം സൃഷ്ടിക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ മോദി ആവശ്യപ്പെട്ടു. എ.ഐ രാജ്യത്തിന് എങ്ങനെയൊക്കെ പ്രയോജനപ്പെയുത്താം എന്നാണ് പ്രധാനമന്ത്രി ആലോചിക്കുന്നതെന്നും പിച്ചെ പറഞ്ഞു.