
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനും നേരേ ആരോപണ ബോംബുകൾ പൊട്ടിച്ച പി.വി.അൻവർ എം.എൽ.എ തീക്കളി തുടർന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന താക്കീതാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞതിനെ ഏറ്റുപിടിച്ച് മുതിർന്ന സി.പി.എം നേതാക്കളും മന്ത്രിമാരും അൻവറിനെതിരെ രംഗത്ത് വന്നതും ശ്രദ്ധേയം.പാർട്ടിയിൽ പിണറായി ഒറ്റപ്പെടുന്നുവെന്നും കടന്നാക്രമണങ്ങൾക്ക് ഇരയാവുന്ന അദ്ദേഹത്തെ സംരക്ഷിക്കാൻ മുതിർന്ന നേതാക്കളാരും രംഗത്ത് വരുന്നില്ലെന്നുമുള്ള പ്രചാരണം ശക്തമാവുന്നതിനിടെയാണിത്. അൻവറിന്റെ തുടർനീക്കങ്ങൾ പാർട്ടി നേതൃത്വവും നിരീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണിതെന്നാണ് സൂചന.
വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അൻവറിനെ തള്ളിപ്പറയുകയും അൻവർ നിലപാട് തിരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അദ്ദേഹത്തോട്
അഭ്യർത്ഥിക്കുകയും ചെയ്തതിന് പിന്നാലെ,അൻവറും വെടിനിറുത്തൽ പ്രഖ്യാപിച്ചിരുന്നു.
പാർട്ടിയാണ് എല്ലാമെന്നും,തത്കാലം പരസ്യ പ്രസ്താവനകൾക്കില്ലെന്നും കൂടി പറഞ്ഞതോടെ,അൻവർ കീഴടങ്ങിയതായി വ്യാഖ്യാനിക്കപ്പെട്ടു.നിലപാട് തിരുത്താൻ
പാർട്ടി ആവശ്യപ്പെടുന്നതിന് പകരം അഭ്യർത്ഥന നടത്തിയത് അൻവറിനെ ഭയന്നാണെന്ന ആക്ഷേപവും ഉയർന്നു. പാർട്ടി അംഗമല്ലാത്ത അർവറിനോട് ആവശ്യപ്പെടാനാവില്ലെന്നായിരുന്നു പാർട്ടിയുടെ വാദം.
വീണ്ടും പടക്കങ്ങൾ എറിഞ്ഞ് അൻവർ
പാർട്ടിക്ക് കീഴടങ്ങിയതായി പറഞ്ഞ അൻവർ, മണിക്കൂറുകൾക്കകം ഫേസ് ബുക്ക് പേജിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി പകരം പാർട്ടി പ്രവർത്തകരുടെ ചിത്രം ചേർത്തത് മുഖ്യമന്ത്രിയെ അവഹേളിക്കലിന് തുല്യമായി. വനം മന്ത്രി എ.കെ.ശശീന്ദ്രനും വകുപ്പിനുമെതിരെ ഇന്നലെ അൻവർ മന്ത്രിയെ വേദിയിലിരുത്തി നടത്തിയ രൂക്ഷവിമർശനവും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് കാരണമായി. ആരോപണങ്ങൾ തുടർന്നാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി ഇന്നലെ തൂശൂരിൽ പേരെടുത്ത് പറയാതെ അൻവറിന് നൽകിയത്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഫോൺ ചോർത്തിയെന്ന കുറ്റം സ്വയം ഏറ്റുപറഞ്ഞതും അനധികൃത ഭൂമി കൈയേറ്റവും ഉൾപ്പെടെ അൻവറിനെ പൂട്ടാനുള്ള നിരവധി കുരുക്കുകൾ സർക്കാരിന്റെ കൈവശമുണ്ട്.
ഇടതു മുന്നണിയിലും
'പൂരം കലക്കൽ'
തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ആരോപണ വിധേയനായ എ.ഡി.ജി.പി അജിത്
കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പാടെ തള്ളി സി.പി.ഐ മുഖപത്രം ഇന്നലെ
രംഗത്ത് വന്നത് ഇക്കാര്യത്തിൽ പാർട്ടിയിലെ അമർഷത്തിന്റെയും ഇടതു
മുന്നണിയിൽ ഉയരുന്ന കലാപക്കൊടിയുടെയും തെളിവായി.അജിത് കുമാർ തന്നെയാണ്
പൂരം കലക്കലിന് നേതൃത്വം നൽകിയതെന്നാണ് മുഖപത്രത്തിലെ ആരോപണം.താൻ
അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും ഇന്ന് തലസ്ഥാനത്ത് എത്തിയശേഷം
പരിശോധിക്കുമെന്നും ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ്
സി.പി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചത്. മുഖ്യമന്ത്രിയുടെ തുടർ നടപടികളിൽ
ഉറ്റു നോക്കുകയാണ്.സി.പി.ഐ.