
റിയാദ്: കോടികളുടെ ലാഭം കൊയ്യുകയാണ് ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയിലെ സിനിമാ തിയേറ്ററുകള്‍. മൊത്തം ലാഭം 400 കോടി റിയാല്‍ മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് വര്‍ഷ കാലയളവിലെ (2018 ഏപ്രില്‍ - 2024 ഓഗസ്റ്റ്) കണക്കുകളിലാണ് ഇത്രയും ലാഭമുണ്ടായിരിക്കുന്നത്. സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ആരംഭിക്കുന്നത് 2018 ഏപ്രില്‍ 18നാണ്. റിയാദിലെ പ്രാദേശിക സിനിമാ ഹാളിലായിരുന്നു പ്രദര്‍ശനം. ബ്ലാക്ക് പാന്തര്‍ എന്ന ഹോളിവുഡ് ചിത്രമായിരുന്നു അന്ന് പ്രദര്‍ശിപ്പിച്ചത്.
നിരവധി രാജ്യങ്ങളിലെ വിവിധ ചിത്രങ്ങള്‍ പ്രദര്‍ശനം നടത്തുന്നുണ്ടെങ്കിലും അമേരിക്കന്‍ സിനിമകളാണ് പ്രേക്ഷകര്‍ കൂടുതലായി തിയേറ്ററുകളിലെത്തി കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. റിയാദിലെ തിയേറ്റര്‍ വിജയമായതോടെ തൊട്ടടുത്ത വര്‍ഷം ജനുവരിയില്‍ ജിദ്ദയിലും സിനിമ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലായിരുന്നു സിനിമാ തിയേറ്റര്‍ തുറക്കാനുള്ള തീരുമാനം. വിനോദം എന്നതിലുപരി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നിലവില്‍ 21 നഗരങ്ങളില്‍ വിതരണം ചെയ്ത 65 സിനിമകളില്‍ നിന്നായി നേടിയത് 4.2 ബില്യണ്‍ റിയാലിന്റെ വരുമാനമാണ്. ഈ വര്‍ഷത്തെ ആദ്യ 8 മാസങ്ങളില്‍ 618.1 മില്യണ്‍ റിയാലാണ് വരുമാനം.
പ്രാദേശിക ചിത്രങ്ങള്‍ക്കും ഈജിപ്ഷ്യന്‍ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. അതേസമയം, ബോക്‌സോഫീസില്‍ ഹിറ്റായ നാല് ചിത്രങ്ങളും അമേരിക്കയില്‍ നിന്നുള്ളതാണ്. സിനിമ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിനിമ പ്രദര്‍ശന ലൈസന്‍സിനായുള്ള ഫീസുകളില്‍ ഇളവ് വരുത്തിയിരുന്നു.