ചെറുവത്തൂർ: സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാനെത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചീമേനി പെട്ടിക്കുണ്ടിലെ രാജേഷ്, കാക്കടവ് സ്വദേശിയായ അഷ്റഫ് എന്നിവരെയാണ് ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്. ഞാണങ്കൈ ശാഖയിലാണ് സംഭവം. ശനിയാഴ്ച പകൽ മൂന്നോടെ ബാങ്കിലെത്തിയ രാജേഷ്, അഞ്ച് വളകൾ പണയം നൽകി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. വളകൾ പരിശോധിച്ച ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധയിലാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. മുക്കുപണ്ടമാണ് ഇതെന്ന് രാജേഷിനോട് പറഞ്ഞേതോടെ മറ്റൊരാളാണ് വള നൽകിയതെന്ന് പറയുകയായിരുന്നു. ഇയാളെ വിളിച്ചു വരുത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിളിച്ചു വരുത്തുകയും ചെയ്തു. ബാങ്ക് അധികൃതർ ഉടൻ ചീമേനി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തു. ഒരു പവൻ തൂക്കമുള്ള അഞ്ച് വളകളാണ് പണയം വെക്കാൻ കൊണ്ടു വന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.