
ചാലക്കുടി: വാടക കുടിശികയുടെ പേരിലെ സംഘർഷത്തിൽ മുറിയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കട നടത്തിപ്പുകാരൻ അറസ്റ്റിൽ. മേലൂർ കാലടി കൂരൻ വീട്ടിൽ വർഗീസിനെയാണ് (72) പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് അറസ്റ്റ്. അതേസമയം വർഗീസിനെ ആക്രമിച്ചതിന് മുറിയുടമ പാലാരിവട്ടം അലഷ്യകോടത്ത് മിൽട്ടൻ (45), ഇയാളുടെ ബന്ധു നിക്‌സൺ(40) എന്നിവരുടെ പേരിലും ചാലക്കുടി പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
ട്രങ്ക് റോഡ് ജംഗ്ഷൽ സണ്ണി ഷോപ്പിംഗ് കോപ്ലക്‌സിലെ മിൽട്ടന്റെ പേരിലുള്ള മുറിയിൽ റോസ് ഒപ്ടിക്കൽ എന്ന സ്ഥാപനം നടത്തുന്ന വർഗീസ് ഒരു വർഷമായി വാടക നൽകിയില്ലെന്നാണ് പരാതി. നേരത്തെ നടന്ന തർക്കത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രി മിൽട്ടനും ബന്ധുക്കളും ചേർന്ന് പൂട്ടിക്കിടക്കുന്ന കടയുടെ ഷട്ടർ വെൽഡ് ചെയ്ത് തുറക്കാൻ പറ്റാത്ത വിധമാക്കി. എന്നാൽ ശനിയാഴ്ച ഉച്ചയോടെയെത്തിയ വർഗീസ് ആയുധങ്ങൾ ഉപയോഗിച്ച് ഷട്ടർ തല്ലിതകർത്ത് അകത്തു കടക്കുകയായിരുന്നു. തുടർന്ന് സംഘർഷം രൂപപ്പെടുകയായിരുന്നു.