തൃശൂർ: റെയിൽവേ സ്റ്റേഷൻ വളപ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ മേത്തല പടന്ന കാഞ്ഞിരപ്പറമ്പിൽ മജീദിന്റെ മകൻ ഷംജാദ് ഫോൺ ഉപയോഗിക്കാറില്ലെന്നാണ് വിവരം. പരിസരത്തുള്ള സി.സി.ടി.വിയിൽ ഇയാൾ നടന്നു പോകുന്നത് കാണുന്നുണ്ടെങ്കിലും മറ്റ് സൂചനകളില്ല. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പെട്ടെന്ന് ആരുടെയും കണ്ണിൽപെടാത്ത സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അതിനാൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. രാത്രിയിൽ യാത്രക്കാരെ തടഞ്ഞുനിറുത്തി പണവും ആഭരണങ്ങളും പിടിച്ചുപറിക്കുന്ന നിരവധി സംഭവങ്ങൾ പരിസരത്തുണ്ടായിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടം വഞ്ചിക്കുളത്തിന് സമീപം ഷംജാദിന്റെ മൃതദേഹം കണ്ടെത്തിയത്. ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഷംജാദിന്റെ മൃതദേഹത്തിൽ വിവിധ ഭാഗങ്ങളിലായി മർദ്ദനമേറ്റ മുറിവുകളുണ്ടായിരുന്നു. തൃശൂർ എ.സി.പി സലീഷ് എൻ.ശങ്കരൻ, വെസ്റ്റ് എസ്.എച്ച്.ഒ ലാൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.