
ന്യൂയോർക്ക്: മനുഷ്യരാശിയുടെ വിജയം യുദ്ധക്കളത്തിലല്ലെന്നും അത് നമ്മുടെ കൂട്ടായ ശക്തിയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ 'സമ്മിറ്റ് ഒഫ് ദ ഫ്യൂച്ചർ' പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'മനുഷ്യരാശിയുടെ ആറിലൊന്ന് ശബ്ദം ഈ വേദിയിൽ ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ 25 കോടി ജനങ്ങളെ പട്ടിണിയിൽ നിന്ന് കരകയറ്റി. സുസ്ഥിര വികസനം വിജയകരമാകുമെന്ന് ഞങ്ങൾ തെളിയിച്ചു. ഈ വിജയം ഗ്ലോബൽ സൗത്തിലേക്കും എത്തിക്കാൻ തയ്യാറാണ്. ആഗോള സമാധാനത്തിനും വികസനത്തിനും അന്താരാഷ്ട്ര സംഘടനകളിലെ പരിഷ്കാരങ്ങൾ പ്രധാനമാണ്.
ഒരു വശത്ത്, തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതര ഭീഷണിയായി തുടരുന്നു. മറുവശത്ത്, സൈബർ സുരക്ഷ, സമുദ്രം, ബഹിരാകാശം എന്നിവ സംഘർഷത്തിന്റെ പുതിയ വേദികളായി ഉയർന്നുവരുന്നു. ഈ വിഷയങ്ങളിലെല്ലാം, ആഗോളതലത്തിലെ പ്രവർത്തനങ്ങൾ ആഗോള അഭിലാഷവുമായി പൊരുത്തപ്പെടുന്നതാകണം.
സങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്വത്തോടെയുമുള്ള ഉപയോഗത്തിന് തുല്യതയും നിയന്ത്രണവും ആവശ്യമാണ്. പരമാധികാരത്തിനും അഖണ്ഡതയ്ക്കും കോട്ടംവരുത്താത്ത അത്തരം ആഗോള ഡിജിറ്റൽ ഭരണമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡി.പി.ഐ) ഒന്നിനും തടസമാകരുത്, പകരം ഒരു പാലമാകണം. ആഗോള നന്മയ്ക്കായി ഡി.പി.ഐ പങ്കിടാൻ ഇന്ത്യ തയ്യാറാണ്- മോദി പറഞ്ഞു. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയത്തിൽ ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.