
അടിവസ്ത്രങ്ങൾ കൃത്യമായി കഴുകി ഉണക്കി സൂക്ഷിക്കേണ്ടത് സ്വകാര്യ ഭാഗങ്ങളുടെ ആരോഗ്യത്തിനും ശുചിത്വത്തിനും ഏറെ ആവശ്യമാണ് എന്നത് പലർക്കും ധാരണയുള്ള കാര്യമാണ്. എന്നാൽ അടിവസ്ത്രങ്ങൾ മറ്റ് വസ്ത്രങ്ങളെ പോലെ തന്നെ അയൺ ചെയ്ത് ഉപയോഗിക്കണമെന്ന് പറഞ്ഞാൽ അതത്ര ലാഘവത്തോടെയാകില്ല പലരും ഉൾക്കൊള്ളുക. എന്നാൽ അങ്ങനെ ചെയ്യുന്നത് വഴി ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് ലഭ്യമാവുക.
സ്വകാര്യ ഭാഗത്ത് അണുബാധ അടക്കമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് അടിവസ്ത്രങ്ങൾ കൃത്യമായി കഴുകി വൃത്തിയാക്കേണ്ടത്. വൃത്തിയായി കഴുകുന്നതിനൊപ്പം തന്നെ ഈർപ്പം പൂർണമായും ഇല്ലാത്ത രീതിയിൽ ഉണക്കിയെടുക്കുകയും വേണം.നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്ത് തന്നെ ഉണക്കിയെടുക്കുന്നതാണ് ഉചിതം. കൂടാതെ അമിതമായ കെമിക്കലുകളും സുഗന്ധവും അടങ്ങിയ വസ്തുക്കൾ അടിവസ്ത്രം കഴുകാൻ ഉപയോഗിക്കരുത്. എന്നാൽ ഇതിനോടൊപ്പം തന്നെ അടിവസ്ത്രങ്ങൾ അയൺ ചെയ്ത് എടുക്കാൻ സാധിച്ചാൽ അതും നല്ലതാണ്.
അടിവസ്ത്രങ്ങൾ അയൺ ചെയ്ത് എടുത്താൽ നിരവധി ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് അടിവസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന അണുക്കളെ നീക്കം ചെയ്യാൻ നല്ല ചൂടിൽ അയൺ ചെയ്ത് എടുക്കുമ്പോൾ സാധിക്കും. നമ്മൾ അലക്കി വെയിലത്ത് ഇട്ട് ഉണക്കിയാലും നശിക്കാത്ത അണുക്കളെ ഇത്തരത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. നിങ്ങളുടെ അടിവസ്ത്രത്തിന്റെ തരം അനുസരിച്ച് ഉചിതമായ ചൂടിൽ അയൺ ചെയ്യാൻ ശ്രദ്ധിക്കുക. കാരണം സാധാരണ വസ്ത്രങ്ങളിലേതിന് സമാനമായ കട്ടിയും ഗുണവുമുള്ള തുണിത്തരമായിരിക്കില്ല അടിവസ്ത്രത്തിനുണ്ടാവുക.