
ന്യൂയോർക്ക്: സ്വർണത്തേക്കാൾ വിലപിടിപ്പുള്ളതും അപൂർവവുമായ വസ്തുവാണ് തിമിംഗല ഛർദ്ദി. അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്ക്ക് ഒരു കോടി രൂപ വരെ വില വരുന്ന ഇവയുടെ അപരനാമമാണ് തിമിംഗല ഛർദ്ദി എന്നത്. ആംബർഗ്രിസ് എന്നാണ് ഇവയുടെ ശരിക്കുമുള്ള പേര്. പെർഫ്യൂമുകൾക്കും മറ്റുമായി ഉപയോഗിക്കുന്ന ആംബർഗ്രിസിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
സ്‌പേം തിമിംഗലങ്ങളിൽ നിന്ന് പുറത്തുവരുന്ന വസ്തുവാണ് ആംബർഗ്രിസ്. സ്‌പേം തിമിംഗലങ്ങൾ പല്ലുള്ള തിമിംഗലങ്ങളിൽ ഏറ്റവും വലുതാണ്. സ്‌ക്വിഡ്, കണവ തുടങ്ങിയ സെഫലോപോഡ് വർഗത്തിൽപ്പെട്ട കടൽജീവികളാണ് സ്‌പേം തിമിംഗലങ്ങളുടെ പ്രധാന ആഹാരം. ഇക്കൂട്ടത്തിൽ തന്നെ സ്‌ക്വിഡുകളെയാണ് സ്‌പേം തിമിംഗലങ്ങൾ കൂടുതൽ അകത്താക്കുന്നത്.
എന്നാൽ, ഇവ ദഹിക്കാൻ വളരെ പ്രയാസമാണ്. സ്‌ക്വിഡുകളുടെയും മറ്റും ദഹിക്കാത്ത ഭാഗങ്ങൾ തിമിംഗലത്തിന്റെയുള്ളിൽ ദഹന പ്രക്രിയ നടക്കുന്നതിന് മുന്നേ പുറത്തേക്ക് ഛർദ്ദിക്കാറുണ്ട്. എന്നാൽ, ചില അവസരങ്ങളിൽ ദഹിക്കാൻ പ്രയാസമുള്ള ഈ ഭാഗങ്ങൾ തിമിംഗലത്തിന്റെ കുടലിൽ എത്തുകയും അവിടുത്തെ സ്രവങ്ങളുമായി കൂടിച്ചേർന്ന് കട്ടികൂടിയ ആംബർഗ്രിസിന്റെ രൂപത്തിലെത്തുകയും ചെയ്യുന്നു.
സ്‌ക്വിഡിന്റെയും കണവയുടെയും നാവ് ഉൾപ്പെടെ കൈറ്റിൻ നിർമ്മിതമായ ഭാഗങ്ങളാൽ ആന്തരികാവയവങ്ങൾക്ക് മുറിവേൽക്കുന്നതിൽ നിന്ന് ഈ സ്രവങ്ങൾ തിമിംഗലത്തെ സഹായിക്കുന്നു. വർഷങ്ങളോളം ആംബർഗ്രിസ് തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ തന്നെ തുടർന്നേക്കാം.
എങ്ങനെ
ലഭിക്കുന്നു ?
സാന്ദ്രത കുറഞ്ഞ, കടലിൽ പൊങ്ങിക്കിടക്കുന്ന ആംബർഗ്രിസ് എങ്ങനെയാണ് തിമിംഗലത്തിന്റെ ശരീരത്തിന് പുറത്തെത്തുക.? തിമിംഗലത്തിന്റെ ഛർദ്ദി എന്നാണല്ലോ ആംബർഗ്രിസ് അറിയപ്പെടുന്നത് തന്നെ. അപ്പോൾ സ്വാഭാഗികമായും ഛർദ്ദിയുടെ രൂപത്തിലാണ് ആംബർഗ്രിസിനെ തിമിംഗലം പുറന്തള്ളുന്നതെന്ന് മനസിലാകുമല്ലോ. വിസർജ്യമായാണ് പുറത്ത് കളയുന്നതെന്ന് വാദിക്കുന്ന ഗവേഷകരുമുണ്ട്.
എവിടെ കാണാം
സ്‌പേം തിമിംഗലങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. അതായത്, ആംബർഗ്രിസിനെ ഏത് സമുദ്രത്തിലും കണ്ടെത്താൻ സാധിക്കും. കടൽത്തീരങ്ങളിൽ വന്ന് അടിഞ്ഞ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സ്‌പേം തിമിംഗലങ്ങളുടെ കുടുംബത്തിൽപ്പെട്ട പിഗ്മി, ഡ്വാർഫ് സ്‌പേം തിമിംഗലങ്ങളും വളരെ ചെറിയ തോതിൽ ആംബർഗ്രിസ് പുറന്തള്ളുന്നുണ്ടെന്നാണ് കരുതുന്നത്. ലോകത്ത് 127 കിലോ തൂക്കം വരുന്ന ആംബർഗ്രിസുകൾ വരെ കണ്ടെത്തിയിട്ടുണ്ട്.
ഗന്ധം
ആംബർഗ്രിസിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഏറ്റവും വലിയ ഘടകം അതിന്റെ ദുർഗന്ധമാണ്. തിമിംഗലത്തിന്റെ ശരീരത്തിന് പുറത്തെത്തുമ്പോൾ ആംബർഗ്രിസിന് അതിരൂക്ഷമായ ദുർഗന്ധമാണ്. എന്നാൽ, കട്ടികൂടുന്നതോടെ ദുർഗന്ധം മാറി ഏകദേശം കസ്തൂരിയ്ക്ക് സമാനമായ നേരിയ സുഗന്ധം ഉണ്ടാകുന്നു. മെഴുക് പോലെ വഴുവഴുപ്പുള്ള വസ്തുവായാണ് ആംബർഗ്രിസ് പുറത്തെത്തുന്നത് .കാലക്രമേണയാണ് കട്ടികൂടുന്നത്.
പെർഫ്യൂമിലേക്ക്
ആംബർഗ്രിസിൽ നിന്ന് ഗന്ധമില്ലാത്ത ആൽക്കഹോൾ അധിഷ്ഠിതമായ ആംബ്രിൻ എന്ന വസ്തു വേർതിരിച്ചെടുക്കുന്നു. പെർഫ്യൂമുകളിലെ സുഗന്ധം കൂടുതൽ കാലം നിലനിൽക്കാൻ ഇത് സഹായിക്കുന്നു. ആംബർഗ്രിസിന്റെ നിറം അനുസരിച്ചാണ് പെർഫ്യൂമുകളുടെ നിലവാരവും അളക്കുന്നത്. നേർത്ത വെള്ള നിറത്തിലെ ആംബർഗ്രിസാണ് ഏറ്റവും ശുദ്ധവും വിലകൂടിയതും.
ഇതിൽ നിന്ന് നിർമ്മിക്കുന്ന പെർഫ്യൂമുകളാണ് ഏറ്റവും ഗുണനിലവാരം കൂടിയവയായി കണക്കാക്കുന്നത്. കറുത്ത നിറത്തിലെ ആംബർഗ്രിസിനാണ് വില കുറവ്. കാരണം, ഇതിൽ ആംബ്രിന്റെ അളവ് കുറവാണ്. ആംബർഗ്രിസിന്റെ നിറംമാറ്റത്തിന് പിന്നിൽ ഓക്‌സിഡേഷൻ പ്രക്രിയയാണ്. കടലുമായും വായുവുമായും കൂടുതൽ കൂടുതൽ കാലം സമ്പർക്കം പുലർത്തേണ്ടി വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
വെള്ളയ്ക്കും കറുപ്പിനും ഇടയിൽ ഗ്രേ മുതൽ ബ്രൗൺ വരെയുള്ള വ്യത്യസ്ത നിറങ്ങളിൽ ആംബർഗ്രിസ് കാണപ്പെടുന്നു. മിക്ക പെർഫ്യൂം നിർമ്മാതാക്കളും ആംബ്രിന് പകരം സിന്തറ്റിക് കെമിക്കലുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
തിമിംഗലങ്ങൾക്ക്
ഭീഷണി
18ാം നൂറ്റാണ്ടിൽ എണ്ണയ്ക്ക് വേണ്ടി സ്‌പേം തിമിംഗലങ്ങളെ വ്യാപകമായി വേട്ടയാടിയിരുന്നു. പിന്നീട് ആംബർഗ്രിസിനുവേണ്ടിയും അവയെ കൊന്നൊടുക്കിയിരുന്നു. എന്നാൽ, ഇന്ന് തിമിംഗലവേട്ട നിയമവിരുദ്ധമാണ്. പക്ഷേ, അനധികൃതമായി അവയെ ചൂഷണം ചെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. ആംബർഗ്രിസ് ശേഖരിക്കുന്നതിനും വില്ക്കുന്നതിനും ഓരോ രാജ്യങ്ങളിൽ വ്യത്യസ്ത നിയമങ്ങളാണുള്ളത്.
ആംബർഗ്രിസ് ഉൾപ്പെടെ തിമിംഗലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കുന്നത് ഏതാനും രാജ്യങ്ങളിൽ കുറ്റകരമാണ്. അതേ സമയം, കടൽത്തീരങ്ങളിൽ നിന്ന് സ്വാഭാവികമായി ലഭിക്കുന്ന ആംബർഗ്രിസ് ശേഖരിക്കുന്നതും വില്ക്കുന്നതും സ്വിറ്റ്സർലൻഡ്, യു.കെ എന്നിവിടങ്ങളിൽ നിയമവിധേയമാണ്.