
ടോക്കിയോ : വർഷാവസാനം ഷിവസു എന്നാണ് ജപ്പാനിൽ അറിയപ്പെടുന്നത്. കുടുംബവുമായി യാത്രകൾ പോവുക, പാർട്ടികൾ നടത്തുക, വീട് വൃത്തിയാക്കുക തുടങ്ങി പരമ്പരാഗതമായ നിരവധി രീതികൾ ഇക്കാലയളവിൽ ജപ്പാൻകാർ പിന്തുടരുന്നു. വർഷം അവസാനിക്കുന്നതിന്റെ സ്മരണാർത്ഥം പുതുവത്സര ദിനത്തിന്റെ തലേദിവസം, അതായത് ഡിസംബർ 31ന് ജപ്പാൻകാർ കഴിക്കുന്ന വിഭവമാണ് ടോഷികോഷി സോബ. ഇയർ ക്രോസിംഗ് നൂഡിൽസ് എന്നറിയപ്പെടുന്ന, വളരെ എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്ന സോബ നൂഡിൽസ് ആ വർഷം അനുഭവിച്ച ബുദ്ധിമുട്ടുകളെ മറക്കാനുള്ള വിഭവമായിട്ടാണ് കണക്കാക്കുന്നത്. മിസോകോ സോബ, സുഗോമോറി സോബ, ഫുകു സോബ തുടങ്ങി നിരവധി പേരുകളിൽ ഈ വിഭവം ജപ്പാനിൽ അറിയപ്പെടുന്നു. ദീർഘായുസിന്റെയും ശക്തിയുടെയും പ്രതീകമായും കണക്കാക്കപ്പെടുന്ന സോബ നൂഡിൽസ് പാരമ്പര്യം ഏകദേശം 17ാം നൂറ്റാണ്ടിലാണ് ഉത്ഭവിച്ചതെന്ന് കരുതുന്നു.