pic

വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ വീണ്ടും മത്സരിക്കില്ലെന്ന് യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. 2028ലാണ് അടുത്ത തിരഞ്ഞെടുപ്പ്. ഇത് മൂന്നാം തവണയാണ് ട്രംപ് മത്സരത്തിന് ഒരുങ്ങുന്നത്.

അതേ സമയം, ഇത്തവണ താൻ ജയിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. ഒരു യു.എസ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. 2016ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡന് മുന്നിൽ അദ്ദേഹം തോറ്റു. യു.എസ് നിയമപ്രകാരം രണ്ട് ടേമുകൾ വരെ പ്രസിഡന്റുമാർക്ക് അധികാരത്തിൽ തുടരാം. അതിനാൽ ഇത്തവണ ട്രംപ് ജയിച്ചാലും 2028ൽ മത്സരിക്കാനാകില്ല.

അതേ സമയം, തിരഞ്ഞെടുപ്പിലെ തോൽവിയെ പറ്റി ട്രംപ് സാധാരണ സംസാരിക്കാറില്ല. എന്നാൽ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ട്രംപ് തോൽവിയെ പറ്റി പരാമർശിച്ചത്. നേരത്തെ ഇസ്രയേലി - അമേരിക്കൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇത്തരം പരാമർശം നടത്തിയിരുന്നു. താൻ പരാജയപ്പെട്ടാൽ എന്താണ് സംഭവിക്കാൻ പോവുകയെന്ന് അറിയാമോ എന്ന് പ്രസംഗത്തിനിടെ അദ്ദേഹം ചോദിച്ചു.

അതേ സമയം, അടുത്തിടെ നടന്ന പ്രസിഡൻഷ്യൽ സംവാദത്തിൽ ട്രംപിന്റെ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കമലയുടെ പിന്തുണയും ധനസമാഹരണവും ഉയരുകയും ചെയ്തു. ഇത് ട്രംപ് ക്യാമ്പിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവന്ന സർവേ ഫലപ്രകാരം 52 ശതമാനം ജനപിന്തുണയുമായി കമല മുന്നിലെത്തി. ട്രംപിന്റേത് 48 ശതമാനമായി ഇടിഞ്ഞു. നിർണായക സ്റ്റേറ്റുകളിൽ കമല നേരിയ പോയിന്റുകൾക്ക് മുന്നിലെത്തി. അതേ സമയം, കുടിയേറ്റം, ജീവിതച്ചെലവുകൾ, സാമ്പത്തികം തുടങ്ങിയ വിഷയങ്ങളിൽ ട്രംപിനാണ് ജനങ്ങൾ പിന്തുണ നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.