
അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ വികാരഭരിതയായി നടി ഭാവന. ഭാവനയുടെ അച്ഛൻ ബാലചന്ദ്രന്റെ ഒൻപതാം ചരമവാർഷികമാണിന്ന്. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവച്ചുകൊണ്ട് തന്നെയാണ് നടി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. പോരാട്ടം തുടരുക. നീ തോൽക്കുന്നത് കാണാൻ സ്വർഗത്തിലെ ആൾ ആഗ്രഹിക്കുന്നില്ലെന്നും ഭാവന കുറിച്ചു.
'കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകൾ പറയാറ്, പക്ഷേ യാഥാർത്ഥ്യം എപ്പോഴും അതായിരിക്കണമെന്നില്ല. ഓരോ ദിവസവും, ഓരോ നിമിഷവും, ഉയർച്ച താഴ്ചകളുണ്ടാകുമ്പോഴുമെല്ലാം ഞാൻ അച്ഛനെ മിസ് ചെയ്യുന്നു. എപ്പോഴും ഹൃദയത്തിലുണ്ട്.'- എന്നാണ് അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. മിസ് യൂ അച്ഛാ എന്നും, അച്ഛനില്ലാത്ത ഒമ്പത് വർഷങ്ങൾ എന്നും ഭാവന ഹാഷ്‌ടാഗ് നൽകിയിട്ടുണ്ട്.
തൃശൂരിലെ ഫോട്ടോഗ്രാഫറായിരുന്നു ബാലചന്ദ്രൻ. ഭാവനയുടെയും നവീന്റെയും വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറമായിരുന്നു ബാലചന്ദ്രന്റെ വിയോഗം. രക്തസമ്മർദത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചു.
അതേസമയം, ഭാവന കേന്ദ്ര കഥാപാത്രമായെത്തിയ 'ഹണ്ട്' അടുത്തിടെയാണ് തീയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ഷാജി കെെലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അതിഥി രവിയും മുഖ്യ വേഷത്തിലെത്തിയിരുന്നു. ഈ ഫോർ എന്റെർ ടൈംമെന്റാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.