sharjah

അബുദാബി: പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസമായി വാടക നിയമം പുതുക്കി ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പുതിയ പാട്ടക്കരാർ പ്രകാരം ഇഷ്യു ചെയ്ത് 15 ദിവസത്തിനുള്ളിൽ വാടക കരാറുകൾക്ക് അംഗീകാരം നൽകണം. എമിറേറ്റിലെ പാർപ്പിട, വാണിജ്യ, വ്യാവസായിക, പ്രൊഫഷണൽ ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുക്കുന്ന വസ്തുവകകൾക്ക് ഈ നിയമത്തിലെ വ്യവസ്ഥകൾ ബാധകമാവും.

നിശ്ചിത കാലയളവിനുള്ളിൽ ഉടമ കരാർ അംഗീകരിച്ചില്ലെങ്കിൽ ഇതിനായി ജഡ്‌ജ് ഒഫ് അർജന്റ് മാറ്റേഴ്‌സിനോട് അഭ്യർത്ഥിക്കാം. വാടക കരാർ മുനിസിപ്പാലിറ്റിയോ മറ്റ് അധികാരികളോ സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ സർട്ടിഫിക്കേഷൻ ഫീസ് ഉൾപ്പെടെ ഉടമ പിഴ ഒടുക്കേണ്ടി വരും. പാട്ടക്കരാർ സാക്ഷ്യപ്പെടുത്താനും നിശ്ചിത ഫീസും പിഴയും അടയ്ക്കാനും ഭൂവുടമയോട് ആവശ്യപ്പെടാൻ മുനിസിപ്പാലിറ്റിക്ക് ജഡ്ജിയോട് അഭ്യർത്ഥിക്കാം. പാട്ടക്കരാർ ഇല്ലെങ്കിൽ, വാടകക്കാരന് എമിറേറ്റിലെ വാടക തർക്ക കേന്ദ്രത്തിൽ കേസ് ഫയൽ ചെയ്യാം. ഭൂവുടമ അത് തെളിയിച്ചതിന് ശേഷം പാട്ടക്കരാർ സർട്ടിഫിക്കേഷൻ ഫീസ് അടയ്‌ക്കേണ്ടതായി വരും.