students

ന്യൂഡൽഹി: അമേരിക്കയിൽ മികച്ച സർവകലാശാലകളിൽ നിന്നു ബിരുദം നേടുന്ന 92 ശതമാനം പേരും മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ നേടുന്നു. പ്രതിവർഷം ഏകദേശം 80000 ഡോളർ (ഏകദേശം 66 ലക്ഷം രൂപ) വേതനവും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് മാനേജ്മെന്റ്, ടെക്‌നോളജി, അക്കൗണ്ടൻസി, സയൻസ് അധിഷ്ഠിത കോഴ്‌സുകളാണ്. ബിരുദത്തിനു ശേഷം ഒരു വർഷത്തെ ഗ്രാജുവേറ്റ് പ്രോഗ്രാമും, ഇന്റേൺഷിപ്പും പൂർത്തിയാക്കിയാണ് ഇവർ തൊഴിൽ മേഖലയിലെത്തുന്നത്.

യു.എസ് ലേബർ റിപ്പോർട്ട്

അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് എം.ബി.എ, എം.എസ് പ്രോഗ്രാമുകളാണ്. നിരവധി മേഖലകളിൽ എം.ബി.എ ഓഫർ ചെയ്യുന്നു. STEM കോഴ്‌സുകളിൽ ഉൾപ്പെടുത്തിയുള്ള എം.എസ് ബിസിനസ് അനലിറ്റിക്‌സ്, അക്കൗണ്ടൻസി & അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, എൻജിനിയറിംഗ്, ജൈവ ശാസ്ത്ര കോഴ്‌സുകൾ എന്നിവയ്ക്കും അവസരങ്ങളേറെയാണ്.

Python, R, Power BI, Tableau, CPA സർട്ടിഫിക്കേഷൻ മുതലായവയിൽ മികച്ച സ്‌കിൽ കൈവരിക്കാനുള്ള ആഡ് ഓൺ കോഴ്‌സുകളും പഠനത്തോടൊപ്പം പൂർത്തിയാക്കാം. പാർട്ട്ടൈം തൊഴിലിനും, അസിസ്റ്റന്റ് ഷിപ്പിനുമുള്ള അവസരങ്ങളും ലഭിക്കും. അടുത്തിടെ പ്രസിദ്ധീകരിച്ച യു.എസ് ലേബർ റിപ്പോർട്ടിൽ ടെക്‌നോളജി മേഖലയിൽ ഏറെ സാദ്ധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് അടങ്ങുന്ന STEM കോഴ്‌സുകൾ പഠിക്കാനാണ് വിദ്യാർത്ഥികൾ അമേരിക്കയിലെത്തുന്നത്. പ്രസ്തുത മേഖലയിൽ അഭ്യസ്തവിദ്യരുടെ ക്ഷാമം അമേരിക്കയിൽ 60 ശതമാനത്തിലേറെയാണ്. അതിനാൽ ഉപരിപഠന, ഗവേഷണ മേഖലകളിൽ STEM കോഴ്‌സുകൾ പഠിക്കാൻ അവസരങ്ങളേറെയാണ്. അക്കാഡെമിയ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച സാങ്കേതിക വിദ്യ, ഗവേഷണ മികവ്, ഭൗതിക സൗകര്യങ്ങൾ, പുത്തൻ കോഴ്‌സുകൾ, ഇനവേഷൻ മുതലായവ അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

സ്കോളർഷിപ്പുകൾ

വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത് ഇതിനു വേണ്ട സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചാണ്. മിക്ക സർവകലാശാലകളിലും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർട്ട്ടൈം സ്‌കോളർഷിപ്പുകളുണ്ട്. യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്‌കോളർഷിപ്പുകൾ, മെരിറ്റ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്‌കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും.

സ്‌കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ നിശ്ചിത തീയതിക്കകം അപേക്ഷിക്കണം. ഇതിനുമുമ്പ് തന്നെ അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചിരിക്കണം. ഓരോ യൂണിവേഴ്‌സിറ്റിക്കും അവസാനതീയതി വ്യത്യാസപ്പെട്ടിരിക്കും. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് പേജിൽ നിന്ന് പൂർണ വിവരങ്ങൾ, യോഗ്യത എന്നിവ അറിയാനാവും.

അമേരിക്കയിലെ സാമൂഹിക സംരംഭകത്വ സ്ഥാപനമായ ബ്രിഡ്ജ് 360 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ പ്രവേശനം ലഭിക്കാൻ സൗജന്യ സേവനങ്ങളും സ്‌കോളർഷിപ്പ്/ ഫെലോഷിപ്പ് ലഭിക്കാനുള്ള നടപടിക്രമങ്ങളും ചെയ്തുവരുന്നുണ്ട്. ബ്രിഡ്ജ് 360 ലിങ്കിലൂടെ വിദ്യാർത്ഥിക്ക് അഡ്മിഷൻ താത്പര്യം അറിയിക്കാം. 48 മണിക്കൂറിനകം അമേരിക്കയിൽ നിന്നുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കാം. തുടർന്ന് വിദ്യാർത്ഥിയുടെ താത്പര്യത്തിനിണങ്ങിയ സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിനായുള്ള നടപടിക്രമങ്ങളാരംഭിക്കും.

പ്രവേശന നടപടികൾ സൗജന്യമായി നൽകുന്നതോടൊപ്പം, പ്രസ്തുത സർവ്വകലാശാലകളിലേക്ക് സ്‌കോളർഷിപ്പിനും ശുപാർശ ചെയ്യും. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബ്രിഡ്ജ് 360 ലേക്ക് അപേക്ഷിക്കാനുള്ള ഇ മെയിൽ studyinUSA@bridg360.com. വെബ്സൈറ്റ് www.bridg360.com.