divya-sree-bodhanadha-swa

ശ്രീനാരായണ ഗുരുദേവൻ അവിടുത്തെ അന്തരഗാമിയായി തിരഞ്ഞെടുത്ത മഹാപുരുഷനാണ് ദിവ്യശ്രീ ബോധാനന്ദ സ്വാമികൾ. ശ്രീനാരായണ സമൂഹത്തിന്റെ വലിയ 'മുക്കുവനായി" അഭിഷേകം ചെയ്യപ്പെട്ട ഈ മഹാത്മാവ് ഗുരുദേവന്റെ മഹാസമാധി കഴിഞ്ഞ് മൂന്നാം ദിവസം രാത്രി വെളുക്കെ കന്നി 9 ന് രാവിലെ 3.30 നു മഹാസമാധി പ്രാപിച്ചു. ചിങ്ങം ഒന്നിന് ആരംഭിച്ച ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും ഇന്നു ബോധാനന്ദസ്വാമി സമാധിക്കു രാജ്യമെമ്പാടുമായി പര്യവസാനിക്കുന്നു. ജാതി വ്യത്യാസം ഇല്ലാതാക്കാൻ സ്വാമികൾ ആരംഭിച്ച പ്രസ്ഥാനമാണ് ധർമ്മഭടസംഘം. അതൊരു വിപ്ലവ പ്രസ്ഥാനമായിരുന്നു. സംഘം ആദ്യമായി ഒരു പ്രതിജ്ഞയെടുക്കണം. ഇതിന്റെ ചുരുക്കം ചുവടെ ചേർക്കാം.

'എല്ലാ മനുഷ്യരും സമന്മാരാണ്. അവരിൽ ഇന്നു കാണുന്ന ഭേദങ്ങളെല്ലാം കല്പിക്കപ്പെട്ടവയാണ്. മനുഷ്യൻ ആചരിച്ചു പോരുന്ന ജാതിഭേദവും അയിത്തവും നിരർത്ഥകമാണ്. എനിക്ക് മുകളിൽ ഒരു ജാതിയില്ല. എനിക്ക് കീഴിലും ഒരു ജാതിയുമില്ല. തുല്യമായ നീതിന്യായ വ്യവസ്ഥകളോടെ ജീവിക്കുവാൻ എല്ലാവർക്കും ഒരുപോലെ അവകാശവും സ്വാതന്ത്ര്യവും ഉത്തരവാദിത്വവുമുണ്ട്. മനുഷ്യരിൽ കല്പിതമായ യാതൊരു വിധ ഭേദചിന്തകളേയും ഞാൻ അംഗീകരിക്കുകയില്ല. ജാതിഭേദത്തെ ഇല്ലായ്മ ചെയ്യുവാനും സമത്വം സ്ഥാപിക്കുവാനും ഞാനെന്റെ ജീവനെ ഇതാ ബലിയർപ്പിക്കുന്നു." സ്വാമിയുടെ നിർദ്ദേശപ്രകാരം അവർ മിന്നിത്തിളങ്ങുന്ന കഠാരകൊണ്ട് കൈവിരൽ മുറിച്ച് രക്തമെടുത്ത് തിലകം ചാർത്തുന്നു. തുടർന്ന് വീണ്ടും പ്രതിജ്ഞാ വാചകങ്ങൾ ഏറ്റുചൊല്ലി പ്രതിജ്ഞയെടുക്കുന്നു. ഞാൻ, സത്യത്തിന്റേയും ധർമ്മത്തിന്റേയും നീതിയുടേയും പാഥയിലൂടെ എന്നെന്നും സഞ്ചരിക്കും. ഞങ്ങളുടെ ഈ ധർമ്മഭടസംഘത്തിന്റെ പ്രവർത്തനങ്ങളെ ഞങ്ങൾ എന്നെന്നും രഹസ്യമായി സൂക്ഷിക്കും. ഇത് സത്യം ! സത്യം ! സത്യം എന്നു പ്രതിജ്ഞയെടുത്തു അവർ കഠാര ഭൂമിയിലേക്ക് കുത്തിത്താഴ്ത്തുന്നു. നമസ്‌ക്കരിച്ച് വീണ്ടും ചമ്രം പടിഞ്ഞിരിക്കുന്നു. സ്വാമികൾ പീഠത്തിലിരുന്ന് ഘനഗം ഭീരമായ സ്വരത്തിൽ പ്രഭാഷണം നടത്തുകയായി.

'ലോകത്തിൽ വച്ചേറ്റവും പഴക്കം ചെന്നതാണ് ഭാരതീയ സംസ്‌കാരം. ആ സംസ്‌കാരത്തിന്റെ ആകെത്തുകയാണ് അദ്വൈതവേദാന്തം. എല്ലാം ഈശ്വരസത്യത്തിന്റെ സ്ഫുരണങ്ങളാണ്. അതിനാൽ ഒന്നു മാത്രമേയുള്ളു അത് പലതായി പ്രകാശിക്കുന്നു. എല്ലാവരിലുമുളള ആത്മചൈതന്യം ഒന്നു മാത്രമാണ്. ബ്രാഹ്മണനിലും അധഃകൃതനിലുമുള്ളത് ഒരേ ജീവൻ തന്നെ. അതിനാൽ എല്ലാവരും ആത്മസഹോദരൻമാർ തന്നെയാണ്. 'ഭാരതീയ സംസ്‌കാരത്തിൽ ആദ്യകാലത്ത്‌ ഭേദചിന്തയുണ്ടായിരുന്നില്ല. പിന്നീട് ചാതുർവർണ്ണ്യ വ്യവസ്ഥ വന്നു. ഗുണവും കർമ്മവുമായിരുന്നു ചാതുർവർണ്ണ്യത്തിന് അടിസ്ഥാനം. എന്നാലത് ജാതിവ്യവസ്ഥയായി മാറി. ജാതിക്കുള്ളിൽ ജാതിയായി കല്പിക്കപ്പെട്ടു. മഹത്തായ ഭാരതീയ സംസ്‌കാരത്തെ സവർണ്ണ ജനത ഇന്നു കാണുന്ന തരത്തിലേക്ക് നീചമായ ആചാരങ്ങൾ അടിച്ചേല്പ്പിച്ച് അധഃപതിച്ചു. ജാതിഭേദചിന്ത നശിക്കുവോളം നമുക്ക് വിശ്രമമില്ല. മലീനസമായിത്തീർന്ന ഭാരതീയ സംസ്‌കൃതിയെ പരിശുദ്ധമാക്കി പരിഷ്‌കരിക്കണം.

ധർമ്മഭടസംഘത്തിനു തുല്യമായി ധർമ്മഭടസംഘം മാത്രം. ഇതുപോലെ മറ്റൊരു പ്രസ്ഥാനത്തെ കാണാനാകില്ല. രഹസ്യസംഘം എന്ന പേരും കൂടി ഈ സംഘത്തിനുണ്ടായിരുന്നു. സംഘകാര്യങ്ങൾ ആരോടും പറയാൻ പാടില്ല. എന്ന രഹസ്യപ്രതിജ്ഞയും ഉണ്ടായിരുന്നുവല്ലോ! അതിനാൽ ഈ സംഘത്തെക്കുറിച്ച് വേണ്ടവണ്ണമറിയുവാൻ ചരിത്രകാരന്മാർക്കുതന്നെയും സാധിച്ചിട്ടില്ല. വീരശൂര പരാക്രമികളായ യുവാക്കൻമാർ ധീരനും ശൂരനും പരാക്രമിയുമായ ബോധാനന്ദസ്വാമി എന്ന സംന്യാസിവര്യന്റെ ആദ്ധ്യാത്മിക നേതൃത്വത്തിൽ സൃഷ്ടിച്ച ആദ്ധ്യാത്മിക വിപ്ലവം ഈ നാടിന്റെ ചരിത്രമാണ്. നമ്മുടെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രമാണ്. നമ്മുടെ സഞ്ചാരപഥം പ്രകാശപൂരിതമായതിന്റെ ചരിത്രമാണ്. ദീപ്തിമത്താർന്ന ഈ വിപ്ലവചരിത്രം ഇവിടെ സൃഷ്ടമാക്കിയ മഹാനുഭാവനാണ് ആദ്ധ്യാത്മപൗരുഷം മൂർത്തീകരിച്ച സ്വാമി ബോധാനന്ദൻ! ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യ പ്രധാനിയും ശ്രീനാരായണ ധർമ്മസംഘത്തിന്റെ ആദ്യ പ്രസിഡന്റുമാണ്.


ദിവ്യശ്രീ ബോധാനന്ദ സ്വാമികളുടെ ജന്മദേശമാകട്ടെ സാംസ്‌കാരിക കേരളത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തൃശ്ശിവപ്പേരൂരിലെ ചിറയ്ക്കലാണ്. കൃത്യമായി പറഞ്ഞാൽ തൃശ്ശൂരിൽ നിന്നും 15 കിലോമീറ്റർ തെക്കുകിഴക്ക് കുറുമ്പിലാവിലെ ചിറയ്ക്കൽ ദേശം. ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ഒട്ടൊക്കെ മികവ് പുലർത്തിയിരുന്ന ഈഴവൻ പറമ്പ് തറവാട്ടിൽ 1058 മകരം 10 തിങ്കളാഴ്ച പുണർതം നക്ഷത്രത്തിൽ (1882 ജനുവരി 28 ന്) ദിവ്യശ്രീ ബോധാനന്ദസ്വാമികൾ ഭൂജാതനായി. സ്വാമികൾ വീടുവിട്ട് ഹിമാലയത്തിൽ തപം ചെയ്ത് 22 -ാം വയസ്സിൽ സംന്യാസിവര്യമനായി. പിന്നീടാണ് ഗുരുദേവ ശിഷ്യത്വം വരിച്ചത്.

സ്വാമിയുടെ ആദ്യ ജീവചരിത്രകാരനായ കെ. ആർ. ഭാസ്‌ക്കരൻ എഴുതുന്നു കന്നി 5 നു വ്യാഴാഴ്ച ഗുരുദേവൻ മഹാസമാധിയായ വിവരം ബോധാനന്ദസ്വാമികളുടെ കർണ്ണങ്ങളിൽ പതിച്ചു. പെട്ടെന്ന് ആ പരമസാത്വികന്റെ ഹൃദയം പതച്ചു, തൊണ്ടയിടറി, കണ്ണുകളിൽ ബാഷ്പബിന്ദുക്കൾ നിറഞ്ഞു. ലോകം അന്ധകാരമായി ബോധാനന്ദസ്വാമിക്കു തോന്നി. അദ്ദേഹം കണ്ണടച്ച് കുറേനേരം ആ കിടപ്പിൽ തന്നെ കിടന്നു. ഗുരുദേവൻ അനന്തരഗാമിയായി അഭിഷേകം ചെയ്ത ആ പുണ്യാത്മാവ് സദാ സന്തുഷ്ടനായ പരമഭക്തൻ, സമത്വത്തിന്റെ ദിവ്യരൂപമായ ശ്രീബോധാനന്ദസ്വാമികൾ 1104 കന്നി 9 ന് വെളുപ്പിന് (1928 സെപ്തംബർ 24 ന്) 3.30 ന് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സമാധിയടഞ്ഞു. സ്വാമികളെ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഗുരുദേവന്റെ മഹാസമാധിക്കുശേഷം സ്ഥിര പ്രസിഡന്റ് ഇതായിരുന്നു നിശ്ചയം. എന്നാൽ ഗുരുദേവസമാധി കഴിഞ്ഞാൽ ഞാൻ ഉണ്ടാകുകയില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. അതു പോലെതന്നെ സംഭവിക്കുകയും ചെയ്തു. കവി, സംഘാടകൻ, പത്രാധിപൻ, വിപ്ലവകാരി, അധ്യാത്മ നിഷ്ഠനായ സംന്യാസിവര്യൻ, ഗുരുദേവന്റെ അനന്തരഗാമി എന്ന നിലകളിൽ സ്വാമികൾ എന്നും സ്മരണാർഹനാണ്. ശിവഗിരിമഠം എല്ലാ വർഷവും സ്വാമികളുടെ മഹാസമാധിദിന ശ്രീനാരായണധർമ്മചര്യായജ്ഞ സമാപനദിനമായി ആചരിക്കപ്പെടുന്നു.