food

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് പൂരി. എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വിഭവം ആണെങ്കിലും മിക്ക വീടുകളിലും പൂരിയും കറിയും വല്ലപ്പോഴും മാത്രമായിരിക്കും ഉണ്ടാക്കുന്നത്. ധാരാളം എണ്ണ വേണ്ടിവരുന്ന വിഭവം ആയതിനാലാണ് മിക്കവരും പൂരി ഒഴിവാക്കുന്നത്. കൊളസ്‌ട്രോൾ, അമിത വണ്ണം എന്നിവ ഉള്ളവരും വർക്ക് ഔട്ട് ചെയ്യുന്നവരും പൂരി ഒഴിവാക്കാറാണ് പതിവ്. പൂരി കഴിച്ചാൽ തടി കൂടുമോയെന്നും കൊളസ്‌ട്രോൾ കൂടുമോയെന്നും ഭയന്നാണ് വളരെ സ്വാദേറിയ ഈ വിഭവത്തോട് പലരും നോ പറയുന്നത്. എന്നാൽ അധികം എണ്ണ കുടിക്കാത്ത ഗോതമ്പ് പൂരി എല്ലാവർക്കും കഴിക്കാവുന്ന രീതിയിൽ തയ്യാറാക്കാനായാലോ? ഈ സിമ്പിൾ ടിപ്പുകൾ പരീക്ഷിച്ചുനോക്കാം.

ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കാൻ വയ്ക്കണം. ഈ സമയം രണ്ട് കപ്പ് ഗോതമ്പ് പൊടി, രണ്ട് ടേബിൾ സ്‌പൂൺ റവ, രണ്ട് ടേബിൾ സ്‌പൂൺ മൈദ പൊടി എന്നിവ ഒരു ബൗളിൽ എടുക്കാം. വെള്ളം തിളക്കുമ്പോൾ ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കണം. ഇങ്ങനെ ചെയ്യുമ്പോൾ മാവിൽ അധികമായി ഉപ്പ് ചേർക്കേണ്ടതില്ല.

നേരത്തെ എടുത്തുവച്ചിരിക്കുന്ന മാവിൽ രണ്ട് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ചേർക്കണം. ഇനി എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം തിളപ്പിച്ച വെള്ളം കുറച്ച് കുറച്ചായി ചേർത്ത് മാവ് കുഴച്ചെടുക്കാം. ചപ്പാത്തി മാവിനെന്നപ്പോലെ പൂരിയ്ക്ക് മാവ് നല്ല മൃദുലം ആവേണ്ടതില്ല. കട്ടി കൂടിയിരിക്കുമ്പോൾ എണ്ണ കുറച്ചുമാത്രമായിരിക്കും കുടിക്കുന്നത്.

ഇനി മാവിൽ കുറച്ച് എണ്ണ തടവി 15 മുതൽ 30 മിനിട്ട് നേരംവരെ മാറ്റിവയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മാവ് മൃദുലം ആയി കിട്ടും. അരമണിക്കൂർ കഴിഞ്ഞ് മാവ് ഒന്നുകൂടി കുഴച്ച് ചെറിയ ഉരുളകളാക്കി പരത്തിയെടുക്കാം. കുറച്ച് എണ്ണ തടവിയതിനുശേഷം തടവുന്നത് പൂരി നല്ലപോലെ പൊങ്ങി വരുന്നതിന് സഹായിക്കും.

എണ്ണ നന്നായി ചൂടായിക്കഴിഞ്ഞ് മീഡിയം ഫ്ളെയിമിൽ വച്ചാണ് പൂരി തയ്യാറാക്കേണ്ടത്. മാവ് എണ്ണയിൽ ഇട്ട് സെക്കന്റുകൾക്കകം തന്നെ പൊങ്ങിവരുന്നതിനാൽ എണ്ണ അധികം കുടിക്കുകയുമില്ല. ഇത്തരത്തിൽ ചെറിയ സൂത്രവിദ്യകൾ ഉപയോഗിച്ച് എണ്ണ അധികം കുടിക്കാത്ത ഹെൽത്തി പൂരി തയ്യാറാക്കാം.