ചിത്രീകരണം ഇന്ന് ആരംഭിക്കും

ss

മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് നാഗർകോവിലിൽ ആരംഭിക്കും. അതിശക്തമായ പ്രതിനായക വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്. പൊലീസ് വേഷം വിനായകൻ അവതരിപ്പിക്കുന്നു. ഫ്രെയിം ടും ഫ്രെയിം മമ്മൂട്ടി- വിനായകൻ ചിത്രമായിരിക്കും. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിക്ക് മുകളിൽ നിൽക്കുന്നതായിരിക്കും മമ്മൂട്ടിയുടെ പ്രതിനായക കഥാപാത്രം. ബോളിവുഡിൽ അക്ഷയ് കുമാർ, തമിഴിൽ രജനികാന്ത്. കമൽഹാസൻ എന്നീ നായകൻമാരെ പോലെ പ്രതിനായക വേഷങ്ങൾ അവതരിപ്പിച്ച് മമ്മൂട്ടി തിളങ്ങാറുണ്ട്. നാഗർകോവിലിൽ ഒരാഴ്ചത്തെ ചിത്രീകരണത്തിനുശേഷം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. ഒാക്ടോബർ ആദ്യം മമ്മൂട്ടി ജോയിൻ ചെയ്യും.

ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതായിരിക്കും ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. കണ്ണൂർ സ്ക്വാഡിനുശേഷം സുഷിൻ ശ്യാം വീണ്ടും മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം. ഡൊമിനിക് എന്ന ഡിറ്റക്ടീവിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി ക്രൈം ത്രില്ലർ സിനിമയായിരിക്കും. വിനീത്,​ ഗോകുൽ സുരേഷ്,​ ലെന,​ സിദ്ദിഖ്,​ വിജി വെങ്കിടേഷ്,​ വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ജിതിന്റെ ചിത്രത്തിനുശേഷം മഹേഷ് നാരായണന്റെ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. ഡിസംബറിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിക്കും. മുപ്പതു ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ പ്ളാൻ ചെയ്യുന്നത്. ഡൽഹി, യുകെ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.