
കൊച്ചി: നിക്ഷേപ സമാഹരണം മന്ദഗതിയിലായതോടെ ഉത്സവകാലയളവിൽ വായ്പാ വിതരണത്തിന് ആവശ്യത്തിന് പണം കണ്ടെത്താനാകാതെ വാണിജ്യ ബാങ്കുകൾ വലയുന്നു. ഓഹരി, കടപ്പത്രങ്ങൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ബദൽ നിക്ഷേപങ്ങളിലെ മികച്ച വരുമാനം കണക്കിലെടുത്ത് ഉപഭോക്താക്കൾ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കുന്നതാണ് ബാങ്കുകൾക്ക് തിരിച്ചടിയാകുന്നത്. ദീപാവലി, നവരാത്രി, ക്രിസ്മസ് തുടങ്ങിയ ഉത്സവകാലത്ത് വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതിനിടെയാണ് ബാങ്കുകളുടെ കൈവശമുള്ള പണം കുറയുന്നത്. ആകർഷകമായ പലിശ നിരക്കുകളോടെ വിവിധ കലാവധിയുള്ള സ്ഥിര നിക്ഷേപ സമാഹരണ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും വളർച്ച മന്ദഗതിയിലാണ്. ആഗസ്റ്റിൽ നിക്ഷേപ സമാഹരണത്തേക്കാൾ വളർച്ച വായ്പാ വിതരണത്തിലുണ്ടായി.
വായ്‌പാ വിതരണം കൂടുന്നു
സാമ്പത്തിക മേഖല മികച്ച ഉണർവിലൂടെ നീങ്ങുന്നതിനാൽ 2022 ഏപ്രിൽ മുതൽ രാജ്യത്തെ വായ്പാ വിതരണത്തിൽ പത്ത് ശതമാനത്തിലധികം വളർച്ചയാണ് ദൃശ്യമാകുന്നത്. സെപ്തംബർ ആറിന് അവസാനിച്ച രണ്ടാഴ്‌ച കാലളയവിൽ വായ്പാ വിതരണത്തിൽ 13.3 ശതമാനം വളർച്ചയുണ്ടായി. അതേസമയം നിക്ഷേപ സമാഹരണത്തിലെ വളർച്ച നിരക്ക് 11.1 ശതമാനം മാത്രമായിരുന്നു.
സ്ഥിര നിക്ഷേപങ്ങൾക്ക് പ്രിയം കുറയുന്നു
താരതമ്യേന കുറഞ്ഞ പലിശയും നികുതി ഇളവുകൾ ലഭ്യമല്ലാത്തതുമാണ് ഉപഭോക്താക്കളെ ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് അകറ്റുന്നത്. ഓഹരിയും സ്വർണവും മികച്ച വരുമാനം നൽകുന്നതിനാൽ ഓഹരി, സ്വർണ അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്ക് വൻതോതിൽ പണമൊഴുകുന്നു.
ബാങ്കുകളിലെ മൊത്തം നിക്ഷേപം
213 ലക്ഷം കോടി രൂപ
ബാങ്കുകളുടെ മൊത്തം വായ്പ
490 ലക്ഷം കോടി രൂപ
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം
70 ലക്ഷം കോടി രൂപ