d

ഗവർണറുടെ അനുമതി ശരിവച്ചു

ബംഗളൂരു: ഭാര്യയും ബന്ധുക്കളും ഉൾപ്പെട്ട ഭൂമി കുഭകോണക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി കർണാടക ഹൈക്കോടതി ശരിവച്ചു.

ഗവർണർ താവർചന്ദ് ഗെ‌ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാട്ടി സിദ്ധരാമയ്യ സമർപ്പിച്ച ഹർജി ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ച് തള്ളി.

സാധാരണനിലയിൽ,​ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യമാണിതെന്നും. അന്വേഷണം വേണമെന്നും ഹൈക്കോടതി പറഞ്ഞു. സിദ്ധരാമയ്യക്കായി അഭിഷേക് മനു സിംഗ്‌വി ഹാജരായി. നടപടികൾ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിട്ടിയുടെ (മുഡ) കണ്ണായ ഭൂമി അനധികൃതമായി അനുവദിച്ചു എന്നാണ് കേസ്. മലയാളിയായ ടി.ജെ.അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി ക‍ൃഷ്ണ എന്നീ അഴിമതിവിരുദ്ധ പ്രവർത്തകരുടെ പരാതിയിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17, 218 വകുപ്പുകൾ പ്രകാരമാണ് അനുമതി.

താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത് ചട്ടവിരുദ്ധമാണെന്ന് സിദ്ധരാമയ്യ ഹർജിയിൽ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചു.

ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കണമെന്ന് സ്ഥാപിക്കാൻ, സംസ്ഥാന മന്ത്രിസഭ യോഗം ചേർന്ന് പരാതി തള്ളണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. അത് അവഗണിച്ചായിരുന്നു ഗവർണറുടെ നടപടി.

കോൺഗ്രസ് സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിയമ വിദഗ്ദ്ധരുമായും മന്ത്രിമാരുമായും ചർച്ച ചെയ്ത് തുടർനടപടികൾ തീരുമാനിക്കും. ബി.ജെ.പിയുടെയും ജെ.ഡി.എസിന്റെയും ഗൂഢാലോചനയെയും ഗവർണറുടെ ഓഫീസിനെയും ഞങ്ങൾ ഭയപ്പെടില്ല. ഹൈക്കമാൻഡിന്റേയും പാർട്ടി നേതാക്കളുടെയും പിന്തുണയുണ്ട്.

- സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രി

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സിദ്ധരാമയ്യ രാജിവയ്ക്കണം.

--ബി. വൈ. വിജേന്ദ്ര

ബി.ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ