
വരനെ കണ്ടെത്താനും കല്യാണം നടത്താനും നിരവധി കമ്പനികൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഒരു കല്യാണം മുടക്കാനോ? നാട്ടിലുള്ള പലരും കല്യാണം മുടക്കുന്നുവെന്ന് പറയാറുണ്ടെങ്കിലും പലരും ഇത് രഹസ്യമായാണ് ചെയ്യുന്നത്. എന്നാൽ കല്യാണം മുടക്കാൻ ഒരു കമ്പനി തന്നെ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്.
സ്പെയിനിലെ ഏണസ്റ്റോ റെയിനേഴ്സ് വേരിയ എന്ന ആളാണ് ഈ സേവനം നൽകുന്നത്. 'വെഡ്ഡിംഗ് ഡിസ്ട്രോയർ' എന്നാണ് അദ്ദേഹം സ്വയം വിളിക്കുന്നത്. ഇങ്ങനെയൊരു സർവീസിനെക്കുറിച്ച് കേട്ടയുടൻ നിരവധി വധൂവരന്മാരാണ് ഞങ്ങളെ സമീപിച്ചതെന്നാണ് അദ്ദേഹം പറയുന്നു. വർഷാവസാനം വരെ ബുക്കിംഗ് ഉണ്ടായിരുന്നുവെന്നും വേരിയ വ്യക്തമാക്കി.
'നിശ്ചയിച്ച് വിവാഹത്തെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? അല്ലെങ്കിൽ വിവാഹം കഴിക്കാൻ താൽപര്യമില്ലേ. നിങ്ങൾക്ക് വിവാഹത്തിനോട് താൽപര്യ കുറവുണ്ടോ? എങ്ങനെ വിവാഹം മുടക്കുമെന്ന് അറിയാതെ വിഷമിക്കുകയാണോ? എങ്കിൽ നിങ്ങളുടെ വിവാഹം മുടക്കാൻ ഞാനുണ്ട്'- എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വേരിയ പറഞ്ഞ പരസ്യവാചകം.
ഇതിന് പിന്നാലെ നിരവധിപേരാണ് കമ്പനിയെ സമീപിച്ചത്. അതോടെയാണ് ഇത് പ്രൊഫഷനാക്കാൻ അദ്ദേഹം തീരുമാനിച്ചത്. വിവാഹം നടക്കുന്ന വേദിയും സമയവും അറിച്ച് 500 യൂറോയും (47,000 രൂപ) നൽകിയാൽ ബാക്കി കാര്യം വേരിയ നോക്കിക്കൊള്ളും. വളരെ ലളിതമായ രീതികൾ ഉപയോഗിച്ചാണ് അദ്ദേഹം വിവാഹം മുടക്കുന്നത്.
എന്നാൽ ഇങ്ങനെ കല്യാണം മുടക്കുമ്പോൾ കുടുംബാംഗങ്ങളുടെ കെെയിൽ നിന്ന് നല്ല ഇടിയും അടിയും കിട്ടാൻ സാദ്ധ്യതയുണ്ട്. പക്ഷേ അതൊന്നും വേരിയയ്ക്ക് പ്രശ്നമല്ല. ഓരോ ഇടിയ്ക്കും അധികമായി 50 യൂറോ (4700 രൂപ) നൽകേണ്ടിവരും.