
കൊച്ചി: നടിയുടെ പീഡനപരാതിയിൽ അറസ്‌റ്റിലായ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. മുൻകൂർ ജാമ്യമുള്ളതിനാൽ മൂന്നുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനുശേഷം വിട്ടയക്കുകയായിരുന്നു. മുകേഷിന്റെ ലൈംഗികശേഷി പരിശോധിച്ചു. ചോദ്യം ചെയ്യലിന് ഹാജരായ മുകേഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു.
അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും കോടതിയിൽ നൽകിയ വിവരങ്ങൾ കൈമാറിയെന്നും മുകേഷിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് ജിയോ പോൾ പറഞ്ഞു. ആൾ ജാമ്യത്തിലാണ് മുകേഷിനെ വിട്ടയച്ചത്. അന്വേഷണ സംഘം ശേഖരിച്ച രേഖകളുടെ സത്യസന്ധത മനസിലാക്കാനായിരുന്നു ചോദ്യം ചെയ്യൽ. കേസ് പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. വടക്കാഞ്ചേരി പൊലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ള ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി ഉന്നയിച്ചത്. 2009ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം.
ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് നടിയുടെ ആരോപണങ്ങൾ.