gold-prize1

നാലാം ദിവസവും റെക്കാഡ് പുതുക്കി സ്വർണ വില

കൊച്ചി: ചരിത്രത്തിലാദ്യമായി കേരളത്തിൽ സ്വർണം പവൻ വില 160 രൂപ ഉയർന്ന് 56,000 രൂപയിൽ തൊട്ടു. ഗ്രാമിന്റെ വില 20 രൂപ വർദ്ധിച്ച് 7,000 രൂപയിലെത്തി. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില റെക്കാഡ് മുന്നേറ്റം നടത്തുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,630 ഡോളർ കവിഞ്ഞു,

ഇപ്പോഴത്തെ വിലയിൽ പണിക്കൂലിയും ചരക്ക് സേവന നികുതിയും(ജി.എസ്.ടി) ഉൾപ്പെടെ ഒരു പവന് ഉപഭോക്താക്കൾ 61,000 രൂപയിലധികം നൽകണം. പല ജുവലറികളും സ്വർണാഭരണങ്ങൾക്ക് അഞ്ച് മുതൽ 15 ശതമാനംവരെ പണിക്കൂലിയാണ് ഈടാക്കുന്നത്. മൂന്ന് ശതമാനമാണ് ജി.എസ്.ടി.

വില വർദ്ധനയുടെ കാരണങ്ങൾ

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുന്നു

ഫെഡറൽ റിസർവ് പലിശ കുറച്ചതോടെ മികച്ച വരുമാനം പ്രതീക്ഷിച്ച് സ്വർണത്തിൽ നിക്ഷേപം കൂടുന്നു

ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുന്നതിനാൽ ഇറക്കുമതി ചെലവ് കുറയുന്നു

കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങികൂട്ടുന്നു