
ലക്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറ് വയസുകാരിയെ മാനഭംഗത്തിൽ നിന്ന് രക്ഷിച്ചത് ഒരു കൂട്ടം കുരങ്ങുകളെന്ന് റിപ്പോർട്ട്. സെപ്തംബർ 21 ശനിയാഴ്ചയാണ് സംഭവം നടന്നത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി മാനഭംഗത്തിന് ശ്രമിക്കുവായിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം കുരങ്ങുകൾ വന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അക്രമസക്തമായ കുരങ്ങുകൾ പ്രതിയെ ഓടിക്കുകയും ബഹളം വച്ചതിനാലുമാണ് തന്റെ മകൾ രക്ഷപ്പെട്ടതെന്ന് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ കൊല്ലുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രതിയുടെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടർന്ന് ഇരയുടെ മാതാപിതാക്കൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.