s

അന്തിക്കാട്: സഹകരണ ബാങ്ക് ജപ്തി ചെയ്ത് പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. കൊൽക്കത്ത സ്വദേശി സൽമാൻ അലാവുദ്ദീനാണ് (21) പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെയായിരുന്നു മോഷണം. കോടതി ഇയാളെ റിമാൻഡ് ചെയ്തു. പടിയം സ്വദേശി വേളേക്കാട്ട് ശൈലജ പ്രേംനാഥിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് ആക്രി കച്ചവടക്കാരാനായ മോഷ്ടാവ് ഉരുളി, ഗ്യാസ് കുറ്റി, പ്രഷർ കുക്കർ, വിവിധതരം പാത്രങ്ങൾ എന്നിവയെല്ലാം മോഷണം നടത്തി ചാക്കിലാക്കി കൊണ്ടു പോകുന്നതിനിടെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. അന്തിക്കാട് എസ്.ഐമാരായ വി.പി. അരിസ്റ്റോട്ടിൽ, കെ.എസ്. അബ്ദുൾ സലാം, സീനിയർ പൊലീസ് ഓഫീസർ കെ.എച്ച്. ഷനാവാസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി.