
തൃശൂർ: റെയിൽവേ സ്റ്റേഷൻ വളപ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കായി വല വിരിച്ച് പൊലീസ്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി അറിയുന്നു. അന്വേഷണം ഊർജ്ജിതമാണെന്ന് എ.സി.പി സലീഷ് എൻ.ശങ്കർ പറഞ്ഞു. കൊലപാതകത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തത് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊടുങ്ങല്ലൂർ മേത്തല പടന്ന കാഞ്ഞിരപ്പറമ്പിൽ മജീദിന്റെ മകൻ ഷംജാദിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറെ കവാടത്തിന് സമീപം കണ്ടെത്തിയത്. പരിസരത്തുള്ള സി.സി.ടി.വിയിൽ ഇയാൾ നടന്നു പോകുന്നത് കാണുന്നുണ്ടെങ്കിലും മറ്റ് സൂചനകളില്ല. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് തെളിവ് ശേഖരിച്ചു.
ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഷംജാദിന്റെ മൃതദേഹത്തിൽ വിവിധ ഭാഗങ്ങളിലായി മുറിവുകളുണ്ടായിരുന്നു. തൃശൂർ എ.സി.പി സലീഷ് എൻ.ശങ്കരൻ, വെസ്റ്റ് എസ്.എച്ച്.ഒ ലാൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.