a

തലശ്ശേരി: പൊന്ന്യം പുല്ല്യോടിയിൽ ടാങ്കർ ലോറിയിൽ നിന്ന് കക്കൂസ് മാലിന്യം തള്ളിയ കേസിൽ ലോറി ഉടമയ്ക്ക് പിഴ ചുമത്തി. കെ.എൻ 63 3054 ലോറി ഉടമ കണ്ണൂർ കൊറ്റോളിയിലെ ഐക്കലിൽ ഉഷാ ധീരജിന് 40,000 രൂപയാണ് കതിരൂർ ഗ്രാമപഞ്ചായത്ത് അധികൃതർ പിഴ ഈടാക്കിയത്.
കതിരൂർ ഗ്രാമപഞ്ചായത്തിൽ പെട്ട പൊന്ന്യം പുല്ല്യോടി ഏഴരക്കണ്ടം പരിസരത്തെ കല്ലുമ്പ്രം തോടിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 30ന് പുലർച്ചെ രണ്ട് മണിയോടെയാണ് ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം വ്യാപകമായി തള്ളിയത്. ഹോസ് പൈപ്പ് ഉപയോഗിച്ചായിരുന്നു തോട്ടിൽ മാലിന്യം തള്ളിയത്. വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തെളിവുകൾ സഹിതം നാട്ടുകാർ കതിരൂർ ഗ്രാമപഞ്ചായത്ത് അധികൃതർക്കും കതിരൂർ പൊലീസിനും പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇക്കഴിഞ്ഞ 21ന് പുലർച്ചെയാണ് കതിരൂർ പൊലീസ് ലോറി പിടികൂടിയത്.