a

കാസർകോട്: കോൺഗ്രസ് നേതാവ് കുണ്ടാർ ബാലൻ എന്ന ടി. ബാലകൃഷ്ണനെ (48) കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് (രണ്ട്) കോടതിയിൽ പൂർത്തിയായതോടെ അന്തിമവാദം ആരംഭിച്ചു.

2008 മാർച്ച് 27നാണ് ആദൂർ കുണ്ടാറിൽ വെച്ച് ബാലനെ കൊലപ്പെടുത്തിയത്. ഈശ്വരമംഗലത്തുള്ള ഭാര്യയുടെ അമ്മാവന്റെ മരണാനന്തരചടങ്ങിൽ പങ്കെടുത്ത ശേഷം ബസ് കയറിയ ബാലൻ രാജീവ് നഗറിൽ ഇറങ്ങി സുഹൃത്തിന്റെ കാറിൽ മുള്ളേരിയയിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം കാർ തടയുകയും ബാലനെ വലിച്ചിറക്കി കഠാര കൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചു.

ആദ്യം ഈ കേസ് ആദൂർ പൊലീസാണ് അന്വേഷിച്ചത്. ബി.ജെ.പി പ്രവർത്തകരായ വി. രാധാകൃഷ്ണൻ, വിജയൻ, കെ. കുമാരൻ, ദിലീപ്കുമാർ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. വഴിത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ബാലന്റെ കൊലയിൽ കലാശിച്ചതെന്നായിരുന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. അതിനിടെ പൊലീസ് കള്ളസാക്ഷികളെ ഉൾപ്പെടുത്തിയെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലന്റെ ഭാര്യ പ്രഫുല്ല ഹൈക്കോടതിയിൽ ഹരജി നൽകി. ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് നിർദ്ദേശം നൽകിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി 51 സാക്ഷികളെ ഉൾപ്പെടുത്തി നാല് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2020ൽ കുണ്ടാർ ബാലൻ വധക്കേസിൽ വിചാരണ തുടങ്ങിയെങ്കിലും കൊവിഡ് വ്യാപനം കാരണം വിചാരണ മുടങ്ങി. പിന്നീട് 2022ലാണ് വിചാരണം പുനരാരംഭിച്ചത്. എന്നാൽ ജഡ്ജിമാരുടെ സ്ഥലം മാറ്റവും മറ്റ് സാങ്കേതിക തടസങ്ങളും കാരണം വിചാരണ പിന്നെയും നീണ്ടു.