a

കാഞ്ഞങ്ങാട്: മെഡിക്കൽ ഇൻഷ്വറൻസിന്റെ പേരിൽ വർഷങ്ങളോളം പ്രീമിയം തുക കൈപ്പറ്റിയിട്ടും ഇൻഷ്വറസ് തുക നല്കാതെ കബളിപ്പിച്ച ഇൻഷ്വറൻസ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കോടതി വിധി. സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനമായ ബജാജ് അലിയൻസ് ഇവരുടെ ഏജൻസി സ്ഥാപനമായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് ഇന്ത്യാ ടി.പി.എ സർവ്വീസ് എന്നിവർക്കെതിരെയാണ് പരാതിക്കാരന് കോടതിച്ചിലവടക്കം 99,​403 രൂപ നഷ്ടപരിഹാരമായി നല്കാൻ ഉത്തരവിട്ടത്.

കാഞ്ഞങ്ങാട് മടിക്കൈ കാഞ്ഞിരപൊയിൽ തണ്ണീർപന്തൽ സ്വദേശി മാളിയേക്കൽ വീട്ടിൽ ജോസ് ഡാനിയേൽ ആണ് പരാതിക്കാരൻ. പ്രതിവർഷം പതിനഞ്ചായിരം രൂപ പ്രീമിയം തുകയായി അടക്കുന്ന ബജാജ് അലിയൻസിന്റെ ഫാമിലി മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്ന ഡാനിയേൽ ഒമ്പതു വർഷം തുടർച്ചയായി പ്രീമിയം അടച്ച് കഴിഞ്ഞപ്പോൾ മകന്റെ കൈയിലുണ്ടായ ഞരമ്പ് സംബന്ധമായ രോഗത്തിന് മംഗലാപുരം ആശുപത്രിയിൽ ഓപ്പറേഷനടക്കമുള്ള ചികിത്സയ്ക്ക് വിധേയനായി 62000 ത്തോളം രൂപ ചിലവായി.

ഈ തുക ലഭിക്കാൻ കമ്പനിയെ സമീപിച്ചപ്പോൾ ലഭിക്കാത്തതിനെ തുടർന്ന് 2022 ഫെബ്രുവരി 22ന് ഡാനിയേൽ കാസർകോട് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു വർഷമായി നടന്ന ന്യായവാദങ്ങൾക്കൊടുവിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരന് വേണ്ടി അഡ്വ. ടി.സി. നാരായണൻ ഹാജരായി.