കാസർകോട് :കട്ടത്തടുക്കയിൽ രാത്രി ക്വാർട്ടേഴ്സിലേക്ക് നടന്നു പോകുകയായിരുന്ന കൊൽക്കത്ത സ്വദേശിനിയെ ബൈക്കിലെത്തിയ സംഘം തലക്കടിച്ചു വീഴ്ത്തി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മത പഠന സ്ഥാപനത്തിലെ ജോലിക്കാരിയെയാണ് തലക്കടിച്ചു വീഴ്ത്തിയത്. സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രി 10 മണിക്ക് മഴയത്ത് കുട പിടിച്ച് വാടക ക്വാർട്ടേഴ്സിലേക്ക് നടന്നു പോകുകയായിരുന്ന യുവതി ഫോണിൽ പിതാവിനോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് അക്രമം നടന്നത്. ബൈക്കിലെത്തിയ രണ്ടുപര്‍ പിറകിൽ നിന്ന് ഏതോ ആയുധം കൊണ്ട് തലക്കടിക്കുകയായിരുന്നു. ബോധം കെട്ട് വീണ യുവതി കുറച്ചുസമയത്തിന് ശേഷം ബോധം തെളിഞ്ഞപ്പോൾ ഫോണിൽ ഭർത്താവിനെ വിളിച്ചു വരുത്തി. ഭർത്താവ് യുവതിയെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ തലക്ക് മൂന്ന് തുന്നലിട്ടിട്ടുണ്ട്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നുച്ചയോടെ പരിസരത്തെ സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കും.