
ചെന്നൈ : ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ കിരീടം നേടി മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ഗംഭീര വരവേൽപ്പ്. ഇന്നലെ രാവിലെ ചെന്നൈ എയർപോർട്ടിലെത്തിയ പുരുഷ താരങ്ങളായ ഡി.ഗുകേഷ് , പ്രഗ്നാനന്ദ, പ്രഗ്നാനന്ദയുടെ സഹോദരി ആർ.വൈശാലി, ഇന്ത്യൻ പുരുഷ ടീമിന്റെ നോൺ പ്ളേയിംഗ് ക്യാപ്ടൻ ശ്രീനാഥ് നാരായണൻ എന്നിവരെ സർക്കാർ പ്രതിനിധികളും ചെസ് ഫെഡറേഷൻ ഭാരവാഹികളും കുടുംബാംഗങ്ങളും ആരാധകരും ചേർന്ന് വരവേറ്റു.
വിമാനത്താവളത്തിൽ നിന്ന് ആദ്യം പുറത്തേക്ക് എത്തിയ പ്രഗ്ഗിനെയും വൈശാലിയേയും ആരാധകർ പൊതിഞ്ഞു. ഇരുവർക്കുമൊപ്പം സെൽഫിയെടുക്കാനും ആട്ടോഗ്രാഫ് വാങ്ങാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തങ്ങളുടെ മെഡൽ നേട്ടം ഇന്ത്യയിലെ ചെസിന്റെ വളർച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നും കൂടുതൽ കുട്ടികൾക്ക് ഈ രംഗത്തേക്ക് വരാൻ പ്രചോദനമാകുമെന്നും പ്രഗ്നാനന്ദ പറഞ്ഞു.
ഇവർക്ക് പിന്നാലെയാണ് ഗുകേഷ് പുറത്തേക്ക് വന്നത്. ഇന്ത്യയുടെ സ്വർണനേട്ടത്തിൽ സുപ്രധാന പങ്കുവഹിച്ച ഗുകേഷ് അടുത്ത ലോകചാമ്പ്യൻഷിപ്പിൽ ഡിംഗ് ലിറെനെ നേരിടുന്ന താരം കൂടിയാണ്. വലിയ ആരവത്തോടെയാണ് ഗുകേഷിനെ സ്വീകരിച്ചത്. ഓപ്പൺ വിസാഗത്തിലും വനിതാ വിഭാഗത്തിലും കിരീടം നേടാനായത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണെന്ന് ഗുകേഷ് പറഞ്ഞു. ഈ വർഷം ഒടുവിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുകയാണ് ഗുകേഷിന് മുന്നിലുള്ള ലക്ഷ്യമെന്ന് ശ്രീനാഥ് നാരായണൻ പറഞ്ഞു. പ്രഗ്നാനന്ദയും വൈശാലിയും ഗുകേഷും ചെന്നൈയിലെ വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാഡമിയിലൂടെയാണ് പയറ്റിത്തെളിഞ്ഞത്.
ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ ചലഞ്ചർ പോരാട്ടത്തിൽ മാറ്റുരച്ച ഡി.ഗുകേഷ്, ലോക നാലാം നമ്പർ താരം അർജുൻ എരിഗേസി,12-ാം റാങ്കുകാരൻ പ്രഗ്നാനന്ദ,വിദിത്ത് ഗുജറാത്തി.പെന്റാല ഹരികൃഷ്ണ എന്നിവരാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ഡി.ഗുകേഷ്,അർജുൻ എരിഗേസി,ദിവ്യ ദേശ്മുഖ്,വന്ദിക അഗർവാൾ  എന്നിവർ വ്യക്തിഗത സ്വർണവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ  ചെസ് ഒളിമ്പ്യാഡിലും ഏഷ്യൻ ഗെയിംസിലും നോൺ പ്ളേയിംഗ് ക്യാപ്ടനായിരുന്ന ശ്രീനാഥ് നാരായണൻ അതേ റോളിൽ ഇപ്പോഴും ടീമിനൊപ്പമുണ്ടായിരുന്നു. വനിതാ വിഭാഗത്തിൽ മുൻനിര താരം കൊനേരു ഹംപി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഗ്രാൻഡ്മാസ്റ്റർമാരായ ഡി.ഹരിക, ആർ.വൈശാലി, ഇന്റർനാഷണൽ മാസ്റ്റേഴ്സായ ടാനിയ സച്ദേവ്,വന്ദിക അഗർവാൾ,ദിവ്യ ദേശ്മുഖ് എന്നിവരായിരുന്നു ഇന്ത്യൻ വനിതാ ടീമംഗങ്ങൾ. അഭിജിത് കുണ്ടേയാണ് നോൺ പ്ളേയിംഗ് ക്യാപ്ടൻ.
11 റൗണ്ടുകളിൽ നിന്ന് 21 പോയിന്റ് നേടി റെക്കാഡോടെയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനക്കാരായ അമേരിക്കയ്ക്ക് 17 പോയിന്റ് മാത്രമാണ് നേടാനായത്. കഴിഞ്ഞ ഒളിമ്പ്യാഡിലെ ചാമ്പ്യന്മാരായ ഉസ്ബക്കിസ്ഥാൻ ഇത്രതന്നെ പോയിന്റോടെ മൂന്നാമതായി.വനിതകളുടെ അവസാനറൗണ്ടിൽ അസർബൈജാനോട് 3.5-0.5 എന്ന മാർജിനിൽ അവസാന റൗണ്ടിൽ വിജയിക്കാനായതും മറ്റൊരു  മത്സരത്തിൽ കസാഖിസ്ഥാൻ 2-2ന് അമേരിക്കയെ സമനിലയിൽ തളച്ചതും ഇന്ത്യയെ സ്വർണത്തിലെത്തിച്ചു. വനിതാ വിഭാഗത്തിൽ  പോളണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്.