pic

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ (യു.എൻ) രക്ഷാസമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണയ്‌ക്കുമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയെ കൂടാതെ,ജപ്പാനും ജർമ്മനിക്കും രണ്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കും സ്ഥിരാംഗത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആഗോള സംഘടനകളിൽ പരിഷ്കരണങ്ങൾ അനിവാര്യമാണെന്ന് തിങ്കളാഴ്ച യു.എൻ ജനറൽ അസംബ്ലിയുടെ 'സമ്മിറ്റ് ഒഫ് ദ ഫ്യൂച്ചർ' പരിപാടിയിൽ മോദി ചൂണ്ടിക്കാട്ടിയിരുന്നു.

യു.എന്നിൽ കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ്. ഫ്രാൻസ്,ചൈന,റഷ്യ,യു.കെ,യു.എസ് എന്നീ രാജ്യങ്ങൾക്കു മാത്രമാണ് 15 അംഗ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വമുള്ളത്. ഇവർക്ക് പ്രത്യേക വീറ്റോ അധികാരവുമുണ്ട്. ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകുന്നതിന് റഷ്യ,​ഫ്രാൻസ് എന്നിവരും നേരത്തെ പിന്തുണ അറിയിച്ചിരുന്നു.