pipe

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ആൽത്തറ ജംഗ്ഷനുസമീപം പൈപ്പ് ഇന്റർകണക്ഷൻ നൽകുന്നതിനുള്ള പണി പൂർത്തിയായി.ഇന്നലെ വൈകിട്ട് നാലോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചതായി വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു.എന്നാൽ,​വഴുതക്കാട്,​മേട്ടുക്കട എന്നിവിടങ്ങളിലെ ഇന്റർകണക്ഷൻ പണികൾ പൂർത്തിയായിട്ടില്ല.ആ‍ൽത്തറ- മേട്ടുക്കട റോഡിൽ പണി പൂർത്തിയായ ഭാഗത്ത് ചോർച്ചയുണ്ടായി വെള്ളം റോഡിലൂടെ ഒഴുകുന്നതും പ്രശ്നമായിട്ടുണ്ട്.

മാനവീയം വീഥിയോടു ചേർന്നുള്ള ഭാഗത്ത് പഴയ പൈപ്പുകൾ മാറ്റി പുതിയവ ചാർജ് ചെയ്യുന്നതിനും ഇന്റർകണക്ഷൻ നൽകുന്നതിനുമുള്ള പണികളാണ് ഇന്നലെ നടത്തിയത്. ഇതോടനുബന്ധിച്ച് വഴുതക്കാട്,​ഉദാരശിരോമണി റോഡ്,​പാലോട്ടുകോണം,​സി.എസ്.എം നഗർ,​ശിശുവിഹാർ ലെയിൻ,​കോട്ടൺ ഹിൽ,​ഇടപ്പഴിഞ്ഞി,​കെ.അനിരുദ്ധൻ റോഡ്,​ഇറക്കം റോഡ്,​മേട്ടുക്കട,​വലിയശാല,​തൈക്കാട് ഭാഗങ്ങളിലെ ജലവിതരണം രാവിലെ 10മുതൽ നിറുത്തിവച്ചിരുന്നു.പഴയതുമാറ്റി പുതിയ പൈപ്പ് ലൈനുകൾ നേരത്തെ സ്ഥാപിച്ചിരുന്നതിനാൽ നിശ്ചയിച്ചിരുന്ന സമയത്തിന് മുമ്പേ ജോലി പൂർത്തിയാക്കാനായെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.അതേസമയം,​വഴുതക്കാട്,​ മേട്ടുക്കട റോഡിലെ ഇന്റർകണക്ഷൻ ജോലികൾ പൂർത്തിയായിട്ടില്ല.ആൽത്തറയിലേതിന് സമാനമായ വലിയ പണിയാണ് വഴുതക്കാടും ചെയ്യാനുള്ളത്. വാൽവുകളടച്ച് 30ന് പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ,​ വഴുതക്കാട് ജംഗ്ഷൻ,​എച്ച്.ഡി.എഫ്.സി ബാങ്കിന് മുൻവശം,​സംഗീത കോളേജ്,​മേട്ടുക്കട എന്നിവിടങ്ങളിൽ പണി പൂർത്തിയായ ഭാഗങ്ങളിൽ ചോർച്ചയുണ്ടായത് പ്രശ്നമായിട്ടുണ്ട്. ഇതിനായി റോഡ് വീണ്ടും പൊളിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.