
തിരുവനന്തപുരം: സ്വകാര്യവത്കരിക്കുകയും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തതിന് ശേഷം വന്‍ കുതിപ്പാണ് വികസനത്തിന്റെ കാര്യത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നടക്കുന്നത്. കേരളത്തില്‍ അതിവേഗം വളരുന്ന വിമാനത്താവളമെന്ന ഖ്യാതിയുണ്ടെങ്കിലും ചില മേഖലകളില്‍ ഇപ്പോഴും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സംവിധാനങ്ങളാണ് വിമാനത്താവളത്തില്‍. ആഭ്യന്തര ടെര്‍മിനലില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് സ്ലിപ്പ് നല്‍കുന്ന ജീവനക്കാര്‍ ഇപ്പോഴും മഴയും വെയിലും കൊണ്ട് വാഹനങ്ങള്‍ക്ക് പിന്നാലെ പോകേണ്ട അവസ്ഥയുണ്ട്.
അടച്ചുറപ്പുള്ള ഒരു ക്യാബിന്‍ ഇല്ലാത്തത് കാരണം മഴയായാലും വെയിലായാലും കുടയോ റെയിന്‍കോട്ടോ ധരിച്ച് വേണം സ്ലിപ്പ് നല്‍കാന്‍ വാഹനങ്ങളുടെ അടുത്തേക്ക് പോകാന്‍. മേല്‍ക്കൂരയില്ലാത്തതിനാല്‍ വെയിലത്തും മഴയത്തും ഇവര്‍ക്കു ദുരിതമാണ്. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലെ വിവിധ ഗേറ്റുകളിലായി 3 ഷിഫ്റ്റുകളിലായി 36 പേരാണു ജോലി ചെയ്യുന്നത്. 12 പേരാണ് ഒരു ഷിഫ്റ്റിലുള്ളത്.
കൊച്ചി വിമാനത്താവളത്തിലുള്‍പ്പെടെ വാഹനങ്ങള്‍ക്കു ടൈം സ്ലിപ്പ് നല്‍കുകയും പണം വാങ്ങുകയും ചെയ്യുന്ന ജീവനക്കാര്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ ഇരുന്നു ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. അത്തരം സംവിധാനമാണ് ഇവിടെയും ആവശ്യമെന്നു ജീവനക്കാര്‍ പറയുന്നു.
അതേസമയം മേല്‍ക്കൂര നിര്‍മാണത്തിനുള്ള കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ കരാര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു. പ്രത്യേക ക്യുബിക്കിളുകള്‍ ജീവനക്കാര്‍ക്കു ലഭ്യമാക്കുമെന്നും പറയുന്നു.രാജ്യത്തും സംസ്ഥാനത്തിനകത്തും ഒട്ടുമിക്ക വിമാനത്താവളങ്ങളിലും കാലങ്ങള്‍ക്ക് മുമ്പ് തന്നെ ഏര്‍പ്പെടുത്തിയ സൗകര്യമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇപ്പോഴും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തത്.