
കൊച്ചി: അഡ്‌ജസ്റ്റഡ് ഗ്രോസ് റെവന്യു(എ.ജി.ആർ) വിഷയത്തിൽ ടെലികോം കമ്പനികളുടെ ഹർജി സുപ്രീം കോടതി തള്ളിയതോടെ മൊബൈൽ ഫോൺ കാൾ നിരക്ക് വീണ്ടും കൂടാൻ സാദ്ധ്യതയേറി. സ്‌പെക്ട്രം ബാദ്ധ്യത കണക്കിലെടുത്ത് സേവനങ്ങളുടെ നിരക്ക് കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന് പ്രധാന ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ വ്യക്തമാക്കുന്നു. അഞ്ചാം തലമുറ സേവനങ്ങൾ നൽകുന്നതിന് അധിക നിക്ഷേപം കമ്പനികൾ നടത്തുമ്പോൾ എ.ജി.ആർ ബാദ്ധ്യത കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. രണ്ട് മാസം മുൻപ് ജിയോയും എയർടെല്ലും നിരക്കുകളിൽ വർദ്ധന വരുത്തിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മൊബൈൽ കാൾ നിരക്കുകളിൽ ഇരുപത് ശതമാനം വരെ വർദ്ധന പ്രതീക്ഷിക്കാമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.