pic

കൊളംബോ: ഡൽഹിയിൽ പഠിച്ച് അദ്ധ്യാപികയായ ഡോ. ഹരിണി അമരസൂര്യയെ ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായി നിയമിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ. മുൻ യൂണിവേഴ്സിറ്റി ലക്ചററായ ഹരിണി പ്രധാനമന്ത്രിയാവുന്ന ആദ്യ അദ്ധ്യാപിക കൂടിയാണ്. മുൻ പ്രധാനമന്ത്രി ദിനേഷ് ഗുണവർദ്ധന കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞിരുന്നു.

2020 മുതൽ പാർലമെന്റിലെ നോമിനേറ്റഡ് അംഗമാണ്. വിവിധ പാർലമെന്ററി കമ്മിറ്റികളുടെ ഭാഗമായിരുന്നു. ആക്ടിവിസ്റ്റ്,വനിതാക്ഷേമ പ്രവർത്തക തുടങ്ങി നിലകളിൽ ശ്രദ്ധനേടിയ ഹരിണി 2020 മുതൽ ദിസനായകെയുടെ ജനതാ വിമുക്തി പെരമുന പാർട്ടിയുടെ (ജെ.വി.പി) ഭാഗമാണ്. നീതി,പൊതുഭരണം,തദ്ദേശ ഭരണം,തൊഴിൽ,ഭക്ഷ്യ സുരക്ഷ,വ്യവസായം,വിദ്യാഭ്യാസം, വനിതാ-ശിശു-യുവജന കാര്യം,സ്പോർട്സ്,ആരോഗ്യം തുടങ്ങിയ വകുപ്പുകളും ഹരിണിക്ക് നൽകി.

പാർലമെന്റ്

പിരിച്ചുവിട്ടു

ശ്രീലങ്കയിൽ പ്രസിഡന്റ് ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടു. നവംബർ 14ന് തിരഞ്ഞെടുപ്പ് നടക്കും. പുതിയ പാർലമെന്റ് നവംബർ 21ന് ചേരുമെന്നും ദിസനായകെ ഇന്നലെ രാത്രി പ്രഖ്യാപിച്ചു. പൂർണ മന്ത്രിസഭ നിലവിൽ വരും വരെ ഹരിണിയും മറ്റ് രണ്ട് മന്ത്രിമാരും കാവൽ ക്യാബിനറ്റായി തുടരും. 225 അംഗ പാർലമെന്റിൽ ദിസനായകെയുടെ ഇ‌ടതുപക്ഷ സഖ്യമായ നാഷണൽ പീപ്പിൾസ് പവറിന് 3 സീറ്റുകളാണുള്ളത്. പാർട്ടിയുടെ മറ്റ് രണ്ട് എം.പിമാരായ വിജിത ഹെറാത്തിനും ലക്ഷ്മൺ നിപുണ അരാച്ചിയ്ക്കും ശേഷിക്കുന്ന വകുപ്പുകൾ നൽകി. ലങ്കയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ ക്യാബിനറ്റാണിത്.

നീതിയുടെ ശബ്ദം

ജനനം-1970 മാർച്ച് 6ന് കൊളംബോയിൽ

വിദ്യാഭ്യാസം-ഡൽഹി യൂണിവേഴ്സിറ്റി ഹിന്ദു കോളേജ് (ബി.എസ്),മക്വോറി യൂണിവേഴ്സിറ്റി (എം.എസ്),യൂണിവേഴ്സിറ്റി ഒഫ് എഡിൻബറ (പിഎച്ച്ഡി)
ശ്രീലങ്ക ഓപ്പൺ യൂണിവേഴ്സിറ്റിയിലെ മുൻ സോഷ്യോളജി ലക്ചറർ
 2011 മുതൽ സജീവ പൊതുപ്രവർത്തക

 എഴുത്തുകാരി

 അദ്ധ്യാപക സംഘടനയിൽ അംഗമായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനായുള്ള സമരങ്ങളിൽ പങ്കെടുത്തു

 യുവജനങ്ങളുടെ പ്രശ്നങ്ങൾ, കുട്ടികളുടെ സംരക്ഷണം,ലിംഗ അസമത്വം,​നീതി,​മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ ശബ്ദമുയർത്തി