lebanon

ബെയ്‌റൂട്ട്: ലെബനനിൽ സമ്പൂർണ അധിനിവേശത്തിന് തയ്യാറാണെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതോടെ യുദ്ധ ഭീതിയിൽ ലോകം. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കുമെന്ന് പ്രഖ്യാപിച്ച യു.എസ്, പൗരന്മാർ ഉടൻ ലെബനൻ വിടാൻ നിർദ്ദേശിച്ചു. യു.എസിന്റെ 40,000 സൈനികരും യുദ്ധക്കപ്പലുകളും മേഖലയിലുണ്ട്.

തിങ്കളാഴ്ച മുതലുള്ള ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ തെക്കൻ ലെബനനിൽ മരണം 558 ആയി. 50 കുട്ടികളും 94സ്ത്രീകളും ഉൾപ്പെടുന്നു.1,835 പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളും അവരുടെ ക്രൂസ് മിസൈലുകളും തകർത്തു. ആയിരങ്ങൾ കൂട്ടപ്പലായനം തുടങ്ങിയതോടെ റോഡുകൾ സ്തംഭിച്ചു.

1990ൽ ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം ലെബനനിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ദിവസമായിരുന്നു തിങ്കളാഴ്ച. ഇന്നും ഇസ്രയേലും ഹിസ്ബുള്ളയും പരസ്പരം വ്യോമാക്രമണങ്ങളിലൂടെ ഭീതി സൃഷ്ടിച്ചു. ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റ് തലവൻ അടക്കം മുതിർന്ന കമാൻഡർമാരെ തെരഞ്ഞ് പിടിച്ച് 'ടാർജറ്റഡ് സ്‌ട്രൈക്കു'കളും നടത്തി. ഹമാസ് കമാൻഡറായ മഹ്മൂദ് അൽ നദാറും തെക്കൻ ലെബനനിൽ കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേലിലെ സ്‌കൂളുകൾ അടച്ചു. അന്താരാഷ്ട്ര എയർലൈനുകൾ സർവീസുകൾ റദ്ദാക്കി. സഖ്യകക്ഷിയായ ഹിസ്ബുള്ളയെ ഒറ്റയ്ക്കാക്കില്ലെന്ന് ഇറാനും ഇതിനിടെ വ്യക്തമാക്കി. സംഘർഷം നിറുത്തണമെന്ന് ഈജി്ര്രപ്, തുർക്കി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു.