
ന്യൂഡല്‍ഹി: നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളെക്കുറിച്ച് പരാതികള്‍ പറയുന്ന ടെലികോം ഉപയോക്താക്കള്‍ എല്ലാ നാട്ടിലും ഉണ്ടാകും. എന്നാല്‍ സ്വന്തം ഭൂമിയിലോ അയല്‍പക്കത്തോ ഒരു മൊബൈല്‍ ടവര്‍ വന്നാല്‍ അതില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവറോ ടെലികോം കേബിളോ സ്ഥാപിക്കാന്‍ ഭൂമിയുടമയുടെ അനുവാദം ആവശ്യമില്ല.
പൊതുതാത്പര്യത്തിന് അനിവാര്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ സ്വകാര്യ വ്യക്തിയുടെ അനുവാദമില്ലെങ്കിലും ടവറുകള്‍ സ്ഥാപിക്കാമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്. പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തുകഴിഞ്ഞു. കമ്പനികള്‍ സ്വകാര്യ വ്യക്തിക്ക് അപേക്ഷ നല്‍കുകയും അനുവാദം ലഭിക്കാതിരിക്കുകയും ചെയ്താല്‍ ജില്ലാ കളക്ടര്‍ക്ക് ഇടപെടാം എന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സ്ഥലമുടമയുമായി ടവര്‍ സ്ഥാപിക്കുന്നതില്‍ ധാരണയിലെത്താന്‍ കഴിയാത്തപക്ഷം പോര്‍ട്ടല്‍ മുഖേന ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ കമ്പനികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തും. 30 ദിവസത്തിനുള്ളില്‍ സ്ഥലമുടമയ്ക്ക് നോട്ടിസ് നല്‍കുകയോ അപേക്ഷ തള്ളുകയോ ചെയ്യാം. നേരിട്ടോ തപാല്‍ വഴിയോ നോട്ടിസ് എത്തിക്കാനാകുന്നില്ലെങ്കില്‍ സ്ഥലമുടമയുടെ പ്രദേശത്ത് പ്രചാരത്തിലുള്ള ദിനപത്രത്തില്‍ നോട്ടിസിന്റെ ഉള്ളടക്കം പരസ്യമായി നല്‍കണം.
നോട്ടിസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ സ്ഥലമുടമ രേഖാമൂലം മറുപടി അറിയിക്കണം. ഇതു പരിഗണിച്ച ശേഷം, അനുമതി നല്‍കണോ വേണ്ടയോ എന്ന് അടുത്ത 60 ദിവസത്തിനുള്ളില്‍ കളക്ടര്‍ക്ക് തീരുമാനിക്കാം. അതോടൊപ്പം തന്നെ നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ടവറുകളോ കേബിളുകളോ മാറ്റിക്കൊടുക്കണമെന്ന് സ്ഥലയുടമ ആവശ്യപ്പെട്ടാലും കളക്ടര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടാകും. ഇവിടെയും സ്ഥലയുടമയും കമ്പനിയും തമ്മില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ വന്നാല്‍ ആയിരിക്കും കളക്ടര്‍ക്ക് അന്തിമ തീരുമാനത്തിനും നഷ്ടപരിഹാരം ഉള്‍പ്പെടെ നിശ്ചയിക്കുന്നതിനും അധികാരമുണ്ടാകും.