
നമ്മുടെയെല്ലാം ജീവിതത്തിൽ ചുരുങ്ങിയകാലം കൊണ്ടുതന്നെ ആഴത്തിൽ സ്വാധീനം ചെലുത്തിയ തീരുമാനമായിരുന്നു രാജ്യത്ത് യുപിഐ പേയ്‌മെന്റ് നടപ്പാക്കാനുള്ള പ്രഖ്യാപനം. ഗൂഗിൾപേ, ഫോൺപെ പോലെ ആപ്പുകളും വിവിധ ബാങ്കുകളുടെ ആപ്പുകളുമെല്ലാം ഇത്തരത്തിലെ ബാങ്കിംഗ് സേവനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ രണ്ടായിരം രൂപയിൽ കൂടുന്ന പണമിടപാട് സേവനത്തിന് 1.1 ശതമാനം ഇന്റർചേഞ്ച് ഫീ ഏർപ്പെടുത്തിയിരുന്നു. 2024ലെ എൻസിപിഐ മാർഗനിർദ്ദേശം അനുസരിച്ചാണിത്.
ഗവേഷണ ഏജൻസിയായ ലോക്കൽ സർക്കിൾസ് സെപ്‌തംബർ 22ന് പുറത്തിറക്കിയ സർവെ റിപ്പോർട്ടനുസരിച്ച് യുപിഎ സേവനങ്ങൾക്ക് ചാർജ് ഏർപ്പെടുത്തിയാൽ 75 ശതമാനം ജനങ്ങളും ഇത് ഉപേക്ഷിക്കുമെന്നാണ് അറിയിച്ചത്. നിലവിൽ സൗജന്യ സേവനമായി തുടരുന്നതിനോടാണ് സർവെയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും യോജിച്ചത്.
പ്രതിദിനം ചെറിയ ചായക്കാശ് മുതൽ ബിൽ പേയ്‌മെന്റ് വരെ നിലവിൽ ജനങ്ങൾ യുപിഐ സേവനങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. 2023-24ൽ ആദ്യമായി യുപിഐ പേമെന്റ് എണ്ണം 100 ബില്യൺ കടന്നിരുന്നു. 131 ബില്യണായിരുന്നു ഇത്. 308 ജില്ലകളിൽ നിന്ന് 42,000 പേരാണ് സർവെയിൽ പങ്കെടുത്തത്. തങ്ങളുടെ പകുതിയിലധികം ബിൽ പേമെന്റിന് യുപിഐയെ ഉപയോഗിക്കുന്നവർ 38 ശതമാനത്തോളമുണ്ട്. 22 ശതമാനം പേർ മാത്രമേ ട്രാൻസാക്ഷൻ ഫീസ് ഏർപ്പെടുത്തിയാൽ നൽകാൻ തയ്യാറുള്ളൂ.
സർവെയിലെ ജനങ്ങളുടെ ശക്തമായ പ്രതികരണങ്ങൾ യുപിഐ ട്രാൻസാക്ഷൻ നിരക്ക് സംബന്ധിച്ച് എന്തെങ്കിലും തീരുമാനം എടുക്കും മുൻപ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തെയും റിസർവ് ബാങ്കിനെയും അറിയിക്കാൻ തന്നെയാണ് ലോക്കൽ സർക്കിൾസ് തീരുമാനം.