
കൊച്ചി: ബലാത്സംഗ കേസിലെ പ്രതിയായ 'അമ്മ' മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിനായി തെരച്ചിൽ തുടരുന്നു. കേരളത്തിൽ തന്നെയാണ് ഒളിവിൽ കഴിയുന്നതെന്നാണ് വിവരം. സ്വന്തം വാഹനം ഉപേക്ഷിച്ചാണ് സിദ്ദിഖ് കടന്നുകളഞ്ഞത്.
സിദ്ദിഖിന്റെ കൊച്ചിയിലെ രണ്ട് വീടുകളും പൂട്ടിയ നിലയിലാണ്. കൂടാതെ ഫോണുകളും സ്വിച്ച് ഓഫാണ്. ജാമ്യം തേടി സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. ഹൈക്കോടതിയുടെ പകർപ്പുമായി സിദ്ദിഖിന്റെ പ്രതിനിധി ഡൽഹിയിലേക്ക് പുറപ്പെട്ടുവെന്നാണ് സൂചന.
അതിജീവിത സുപ്രീം കോടതിയിൽ തടസ ഹർജി നൽകി. സംസ്ഥാനവും തടസ ഹർജി നൽകിയേക്കും. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ ഹർജി നൽകുക.
ഇന്നലെയാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. സാഹചര്യത്തെളിവുകൾവച്ച് സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പരാതി അങ്ങേയറ്റം ഗുരുതരവും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതുമാണ്. സിദ്ദിഖിന് ലൈംഗികശേഷി പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചു.
കോടതി വിധി വന്നതിന് പിന്നാലെ നടൻ ഒളിവിൽ പോകുകയായിരുന്നു. സിദ്ദിഖിനെ കൊച്ചിയിലെ ഹോട്ടലിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചത് സുഹൃത്തുക്കളാണെന്നാണ് സൂചന. വിദേശത്തേക്ക് കടക്കാതിരിക്കാൻ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും സിദ്ദിഖിനെ തെരഞ്ഞ് പൊലീസെത്തി. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് 2016ൽ മാസ്‌കോട്ട് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.