
ലക്നൗ: ജോലി സമ്മർദ്ദംമൂലം ഇ വൈ കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പ് സമാനസംഭവം വീണ്ടും അരങ്ങേറി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉത്തർപ്രദേശിലെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ശാഖയിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി നിയമിതയായ സദഫ് ഫാത്തിമയാണ് ജോലി സമ്മർദ്ദം മൂലം മരിച്ചതെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ 24ന് ജോലിചെയ്യവെ കസേരയിൽ നിന്ന് കുഴഞ്ഞുവീണ സദഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതൽ വ്യക്തത വരൂ എന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ ബാങ്ക് അധികൃതർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ, സംഭവത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. രാജ്യത്തെ നിലവിലെ സാമ്പത്തിക സമ്മർദ്ദത്തിന്റെ പ്രതീകങ്ങളാണ് ഇത്തരം മരണങ്ങളെന്നാണ് അദ്ദേഹം ആരാേപിക്കുന്നത്. 'എല്ലാ കമ്പനികളും സർക്കാർ വകുപ്പുകളും ഇക്കാര്യം ഗൗരവമായി ശ്രദ്ധിക്കണം. ഇത് രാജ്യത്തിന്റെ മാനവവിഭവശേഷിക്ക് നികത്താനാവാത്ത നഷ്ടമാണ്. ഇത്തരം പെട്ടെന്നുള്ള മരണങ്ങൾ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളെ ചോദ്യംചെയ്യുകയാണ്. പൊതുസമൂഹത്തെ മാനസികമായി തളർത്തുന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ പോലെതന്നെ ഇത്തരം പെട്ടെന്നുള്ള മരണങ്ങൾക്ക് ബിജെപി സർക്കാരും ഉത്തരവാദിയാണ്' അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, അന്ന സെബാസ്റ്റ്യൻ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ ഇ വൈ കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന് റിപ്പോർട്ട് പുറത്തുവന്നു. 2007 മുതൽ മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
പൂനെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ കമ്പനിക്ക് ഇല്ലെന്ന് വ്യക്തമായതായും മഹാരാഷ്ട്ര അഡിഷണൽ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോൾ പറഞ്ഞു.
2024 ഫെബ്രുവരിയിലാണ് കമ്പനി രജിസ്ട്രേഷനായി തൊഴിൽ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ, 2007 മുതൽ രജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നു. രജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇ.വൈ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.