money

കിളിമാനൂർ: ഓണം കഴിഞ്ഞതോടെ തീൻമേശയിലെ വിഭവങ്ങൾക്ക് വില കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റി. അടുക്കള വിഭവങ്ങളുടെ പ്രധാന താരമായ തേങ്ങയുടെ വില പതുക്കെ ഉയരാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ തീൻമേശകളിലെ തേങ്ങാവിഭവങ്ങൾ കുറയ്ക്കാനുള്ള ശ്രമത്തിലാണ് വീട്ടമ്മമാർ.

ഓണത്തിന് മുൻപ് കിലോയ്ക്ക് 35-38 രൂപയുണ്ടായിരുന്ന തേങ്ങ ഇപ്പോൾ 50 രൂപ മുതൽ 55 രൂപ വരെയാണ്. ഓണത്തിന് മുൻപ് ലോഡ് കണക്കിന് തേങ്ങ തമിഴ്നാട്ടിൽ നിന്നും വയനാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ തേങ്ങ വരാറില്ലെന്ന് കച്ചവടക്കാർ പറയുന്നു. നാടൻ തേങ്ങ ലഭിക്കാനുമില്ല.

അടുത്തത് എണ്ണ

കിലോയ്ക്ക് 38 രൂപ വരെയായിരുന്നു തമിഴ്നാട്ടിൽ നിന്നുള്ള വിളവ് കുറഞ്ഞ തേങ്ങയുടെ വില. നാടൻ തേങ്ങ മൊത്ത കച്ചവടക്കാർ കിലോയ്ക്ക് 30 -35 രൂപക്കാണ് എടുത്തിരുന്നത്. എന്നാൽ ഓണം കഴിഞ്ഞതോടെ 15 മുതൽ 20 രൂപ വരെയാണ് വില വർദ്ധനവ്. തേങ്ങ വില വർദ്ധിക്കുന്നതോടെ എണ്ണയ്ക്കും വില കൂടിയേക്കാം.