salary

ഒട്ടാവ: മര്യാദയ്ക്ക് പട്ടിണികിടക്കണമെങ്കിലും രൂപ പതിനായിരം പോക്കറ്റിൽ വേണമെന്ന് തമാശയായി പറയാറുണ്ട്. എന്നാൽ ഇന്നത്തെക്കാലത്ത് അത് പൂർണമായും തമാശയല്ലെന്നതാണ് സത്യം. കുടിക്കാൻ പച്ചവെള്ളംവരെ കാശുകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. കാര്യങ്ങൾ ഇങ്ങനെയിരിക്കെ മാസാമാസം കിട്ടുന്ന വരുമാനം (ശമ്പളം ഉൾപ്പെടെ) എങ്ങനെ കൂട്ടാമെന്നായിരിക്കും ഭൂരിപക്ഷത്തിന്റെയും ചിന്ത.

അടുത്തിടെ കാനഡയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ദമ്പതികൾ എങ്ങനെ വരുമാനം മെച്ചപ്പെടുത്താമെന്നുള്ള ഉപദേശവുമായി എത്തിയിരുന്നു. ഒരു ഇൻസ്റ്റാഗ്രാം ചാനലിന് നൽകിയ അഭിമുഖത്തിലാണ് വരുമാന വർദ്ദനവിനുതകുന്ന വിലപ്പെട്ട ഉപദേശങ്ങൾ ഇവർ നൽകിയത്. പ്രോഗ്രാം എൻജിനീയറാണ് ഭർത്താവ്. ഭാര്യ സപ്പോർട്ടിംഗ് എൻജിനീയറാണ് ജോലിനോക്കുന്നത്. കുടുംബത്തിന്റെ വാർഷിക വരുമാനം ഏകദേശം 1.2 കോടിരൂപയാണ്.

അധികം ബുദ്ധിമുട്ടില്ലാതെ മറ്റുള്ളവർക്കും ഇത്തരത്തിൽ വരുമാനം നേടാനാവും എന്നാണ് ഇരുവരും പറയുന്നത്. ഇതിന് അവശ്യം ചെയ്യേണ്ട ചില കാര്യങ്ങളും ഇവർ പറഞ്ഞുതരുന്നുണ്ട്. ചില സർഫിക്കേഷൻ കോഴ്സുകൾ ചെയ്യുകയാണ് പ്രധാനമായും വേണ്ടത്. നിങ്ങൾക്ക് ഹഡൂപ്പ് സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ക്ലൗഡ് സർട്ടിഫിക്കേഷൻ പോലുള്ള ഒരു സാങ്കേതിക സർട്ടിഫിക്കേഷനായി പോകാം.ഇത് അധിക യോഗ്യതയായി കണക്കാക്കുന്നതിലൂടെ കൂടുതൽ വരുമാനം ലഭിക്കുന്നതിന് ഇടയാക്കും എന്നാണ് ദമ്പതികൾ പറയുന്നത്.

സർട്ടിഫിക്കറ്റ് കോഴ്സുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മാനേജ്‌മെന്റ് റോളുകളിൽ താത്പര്യമുള്ളവർക്ക് സ്ക്രംമാസ്റ്റർ സർട്ടിഫിക്കേഷൻ (സിഎസ്എം), പ്രോജക്ട് മാനേജ്‌മെന്റ് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ (പിഎംപി) എന്നിവയാണ് ഇവർ ശുപാർശ ചെയ്യുന്നത്. രണ്ടും കരിയർ സാദ്ധ്യതകൾ ഗണ്യമായ തോതിൽ വർദ്ധിപ്പിക്കുമെന്നും അവർ വ്യക്തമാക്കുന്നു. സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾക്കും കാര്യമായ മൂല്യമുണ്ടെന്നും ദമ്പതികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

ടെക്നോളജി വ്യവസായത്തിൽ ടീമിനെ നിയന്ത്രിക്കാൻ കഴിവുള്ള ഒരാൾ ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്. അവിടെയാണ് പിഎംപി സർട്ടിഫിക്കറ്റിന്റെ ആവശ്യകത ഏറുന്നത്. അതിനാൽ തന്നെ ഇത്തരം സർട്ടിഫിക്കറ്റ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് ചോദിക്കുന്ന ശമ്പളം നൽകാൻ കമ്പനികൾ തയ്യാറാവുകയും ചെയ്യുന്നു.

2027-ഓടെ തൊഴിലുടമകൾക്ക് ഓരോ വർഷവും ഏകദേശം 2.2 ദശലക്ഷം പുതിയ പ്രോജക്ട്-ഓറിയന്റഡ് റോളുകൾ നികത്തേണ്ടിവരുമെന്ന് അടുത്തിടെ നടത്തിയ ഒരു ഗവേഷണം സൂചിപ്പിച്ചിരുന്നു. ഇതിനർത്ഥം വിദഗ്ദ്ധരായ പ്രോജക്ട് മാനേജർമാർക്ക് ഉയർന്ന ഡിമാൻഡാണന്നതാണ്. അടുത്തിടെ നടത്തിയ ഒരു സർവേയിൽ ടെക് മേഖലയിൽ ജോലിനോക്കുന്ന നാൽപ്പത് രാജ്യങ്ങളിലെ പിഎംപികളുടെ ശരാശരി ശമ്പളം അതില്ലാത്തവരുടെ ശമ്പളത്തെക്കാൾ പതിനാറ് ശതമാനം അധികമാണ്. കൂടുതൽ മികവ് പ്രകടിപ്പിക്കുന്നവരാണെങ്കിൽ ഇതിനെക്കാൾ കൂടും.