idavela-babu

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ ആരംഭിച്ചു. ആലുവ സ്വദേശിയായ നടിയാണ് പരാതി നൽകിയത്. ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചേക്കുമെന്നാണ് വിവരം.

താരസംഘടനയായ അമ്മയിൽ അം​ഗത്വം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്ത് ജൂനിയർ ആർട്ടിസ്റ്റിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് നടനെതിരെയുളളത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസ്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷംവരെ തടവും പിഴയും ലഭിക്കും. കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ബാബുവിന് ജാമ്യം അനുവദിച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ഊ‌ർജിതമായതോടെ അമ്മയിലെ മുൻഭാരവാഹികളുടെ മൊഴിയെടുക്കുമെന്നാണ് വിവരം, നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവിന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ന‍ടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈം​ഗിക പീഡനപരാതിയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു.