supreme-court

ന്യൂഡൽഹി: ബംഗളൂരുവിൽ ന്യൂനപക്ഷ സമുദായക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ പാകിസ്ഥാൻ എന്ന് ആക്ഷേപിച്ച കർണാടക ഹൈക്കോടതി ജഡ്‌ജി വി. ശ്രീഷ നന്ദയ്‌ക്കെതിരായ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. വിവാദ പരാമർശങ്ങളിൽ ജഡ്‌ജിയുടെ തുറന്ന കോടതിയിലെ മാപ്പപേക്ഷ അംഗീകരിച്ചാണ് സുപ്രീംകോടതി നടപടികൾ അവസാനിപ്പിച്ചത്. നീതിയുടെയും ജുഡീഷ്യറിയുടെ അന്തസിന്റെയും താൽപ്പര്യം മുൻനിറുത്തിയാണ് തീരുമാനമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

'ഇന്ത്യയുടെ ഒരുപ്രദേശത്തെയും ആർക്കും പാകിസ്ഥാൻ എന്ന് വിളിക്കാനാവില്ല. ഇത് അടിസ്ഥാനപരമായി രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്ക്ക് എതിരാണ്. ഒരു വിഭാഗത്തിനെതിരെ പരാമർശം ഉയർത്തിയാൽ പക്ഷപാതി എന്ന ആക്ഷേപമുയരും. ഇത്തരം പരാമർശങ്ങളിൽ ആശങ്കയുണ്ട്' സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

ജഡ്‌ജി വി. ശ്രീഷ നന്ദയുടെ പരാമർശത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുകയായിരുന്നു. വാ‌ടകവീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട കേസിൽ ജഡ്‌ജി നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. സിറ്റിംഗിനിടെ അഭിഭാഷകയോട് ജഡ്‌ജി വി. ശ്രീഷ മോശം പരാമർശം നടത്തിയതും വൈറലായിരുന്നു. എതിർകക്ഷിയെ കുറിച്ച് അഭിഭാഷകയ്‌ക്ക് വളരെ കാര്യങ്ങൾ അറിയാമല്ലോ, അയാളുടെ അടിവസ്ത്രത്തിന്റെ നിറം പോലും വെളിപ്പെടുത്തിയേക്കും എന്നായിരുന്നു കമന്റ്. ഇതിൽ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് അടക്കം നടപടി ആവശ്യപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ സുപ്രീംകോടതി അടിയന്തര സ്വഭാവത്തോടെ പ്രത്യേക അഞ്ചംഗ ബെഞ്ച് രൂപീകരിച്ച് കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിൽ നിന്ന് റിപ്പോ‌ർട്ട് തേടിയിരുന്നു.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്. അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിയും, സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ സഹായിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.

പരാമർശം വിവാദമായതോടെയാണ് ജഡ്‌ജി മാപ്പപേക്ഷയുമായി എത്തിയത്. തന്റെ നിരീക്ഷണങ്ങൾ മനഃപൂർവമായിരുന്നില്ലെന്നും കോടതി നടപടിക്കിട‌െ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് സോഷ്യൽ മീഡിയയിൽ തെറ്റായരീതിയിൽ പ്രചരിപ്പിക്കുകയായിരുന്നു. പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ വിഭാഗത്തെയോ വേദനിപ്പിച്ചെങ്കിൽ അതിൽ ആത്മാർത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു ജഡ്‌ജി വി. ശ്രീഷ മാപ്പപേക്ഷയിൽ പറഞ്ഞിരുന്നത്.