
ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതായുള്ള വാർത്ത അടുത്തിടെ മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച് കഴിഞ്ഞ മാർച്ചിലാണ് സാവിത്രി ബിജെപിയിൽ ചേർന്നത്. മുൻ ഹരിയാന മന്ത്രിയും രണ്ട് തവണ എംഎൽഎയുമായ സാവിത്രി വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിസാറിൽ നിന്ന് സ്വതന്ത്രയായി മത്സരിക്കാനുള്ള നീക്കത്തിലാണിപ്പോൾ. 74കാരിയായ സാവിത്രിയുടെ മകൻ നവീൻ ജിൻഡാൽ ബിജെപി എംപിയാണ്.
തിരഞ്ഞെടുപ്പിനായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത് പ്രകാരം 190 കോടി രൂപയുടെ ജംഗമ സ്വത്തുക്കളാണ് സാവിത്രി ജിൻഡാലിനുള്ളത്. 80 കോടിയുടെ സ്ഥാവര സ്വത്തും സാവിത്രിയുടെ പേരിലുണ്ട്. മൊത്തത്തിൽ 270 കോടി മൂല്യമുള്ള സ്വത്താണ് സാവിത്രിയുടെ പേരിലുള്ളത്.
അന്തരിച്ച വ്യവസായി ഒ പി ജിൻഡാലിന്റെ ഭാര്യയാണ് സാവിത്രി. ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ സ്റ്റീൽ ആൻഡ് പവർ കമ്പനിയുടെ ചെയർപേഴ്‌സണാണ് അവർ. കഴിഞ്ഞ ഓഗസ്റ്റിൽ ഫോർബ്‌സ് ഇന്ത്യ സാവിത്രിയെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയായി തിരഞ്ഞെടുത്തിരുന്നു.
സ്വന്തമായി വാഹനമില്ലെന്നാണ് സത്യവാങ്‌മൂലത്തിൽ അവർ വ്യക്തമാക്കുന്നത്. 48,000 രൂപയാണ് കയ്യിലുള്ള പണം. ആക്‌സിസ് ഓൾ സീസൺസ് ഡെബ്റ്റ് ഫണ്ട് ഒഫ് ഫണ്ട്‌സിൽ 55 ലക്ഷം, ഭാരത് ബോണ്ട് എഫ് ഒ എഫിൽ 164 ലക്ഷം, ഐസിസി പ്രഡൻഷ്യൽ മീഡിയം ടേം ബോണ്ട് ഫണ്ട് ഗ്രോത്തിൽ 251.4 ലക്ഷം, ഐസിസി പ്രഡൻഷ്യൽ ബാലൻസ്‌ഡ് അഡ്വാന്റേജ് ഫണ്ട് റെഗുലർ ഗ്രോത്തിൽ 310 ലക്ഷം, എച്ച് ഡി എഫ് സി ഹൈബ്രിഡ് ഫണ്ട് റെഗുലർ ഗ്രോത്തിൽ 239 ലക്ഷം, എസ് ബി ഐ ഇക്വിറ്റി ഹൈബ്രിഡ് ഫണ്ടിൽ 402 ലക്ഷം, എസ് ഡി പി ബ്ളാക്ക് റോക്ക് ഫോക്കസ് 25 ഫണ്ടിൽ 140 ലക്ഷം എന്നിവയാണ് സാവിത്രിയുടെ പേരിലുള്ള മ്യൂച്ചൽ ഫണ്ടുകൾ.
ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിൽ 9,481 ലക്ഷം രൂപ, ജെ എസ് ഡബ്ള്യു സ്റ്റീൽ ലിമിറ്റഡിൽ 625 ലക്ഷം, ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡിൽ 1,814 ലക്ഷം, ജിൻഡാൽ സോ ലിമിറ്റഡിൽ 449 ലക്ഷം, ജെ എസ് ഡബ്ള്യു ഹോൾഡിംഗ്സ് ലിമിറ്റഡിൽ 124 ലക്ഷം എന്നിവയാണ് സാവിത്രി ജിൻഡാലിന്റെ പേരിലുള്ള ഷെയറുകൾ. 20 കോടി മൂല്യമുള്ള വജ്ര, വെള്ളി ആഭരണങ്ങളും അവർക്ക് സ്വന്തമായുണ്ട്.