
വാർദ്ധക്യമെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് കൂടുതലാളുകളും മെട്രോപൊളിറ്റൻ സിറ്റികളിലും വിവിധ നഗരങ്ങളിലും അണുകുടുംബങ്ങളായാണ് താമസിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ അയൽവാസികളുമായി സൗഹൃദം വളർത്തിയെടുക്കാൻ പോലും പലരും ശ്രമിക്കാറില്ല. ആ സമയത്താണ് ഗുജറാത്തിലെ ഒരു ഗ്രാമം മാതൃകയാകുന്നത്. ചന്ദങ്കി എന്ന ഗ്രാമത്തിലുളളവർ സ്വന്തം വീടുകളിൽ ഭക്ഷണം പാകം ചെയ്യാറില്ല. അതിന് ഗ്രാമവാസികൾ നൽകുന്ന വിശദീകരണവും പുതുമയുളളതാണ്.
ചന്ദങ്കിയിൽ താമസിക്കുന്നവരിൽ കൂടുതലാളുകളും വയോധികരാണ്. ഇവിടെ താമസിച്ചിരുന്ന യുവാക്കളിൽ കൂടുതൽ പേരും അടുത്തുളള നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും താമസത്തിനായി മാറിയതോടെ ജനസംഖ്യയിൽ വലിയ കുറവുണ്ടായി. ഒരുകാലത്ത് 1,100 ഗ്രാമവാസികൾ ഉണ്ടായിരുന്ന ചന്ദങ്കിയിൽ ഇപ്പോഴുളളത് വെറും 500 പേരാണ്.ജനങ്ങൾ തമ്മിലുളള ആത്മബന്ധം വളർത്തിയെടുക്കുന്നതിനാണ് ഗ്രാമത്തിലെ വയോധികർ സ്വന്തം വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് ഉപേക്ഷിച്ചത്. അതിനായി കമ്യൂണിറ്റി അടുക്കളകളിൽ ഭക്ഷണം പാകം ചെയ്യാൻ ആരംഭിക്കുകയായിരുന്നു. ഗ്രാമവാസികൾ ഭക്ഷണം കഴിക്കാനായി ഒരുമിക്കുകയും സൗഹൃദം പങ്കുവയ്ക്കാനും ആരംഭിച്ചു.
പ്രതിമാസം 2000 രൂപയാണ് ഒരാൾ ഭക്ഷണത്തിനായി നൽകേണ്ടത്. ഇവർക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിന് പ്രത്യേക പാചകക്കാരനും ഉണ്ടാകും. അയാളുടെ പ്രതിമാസ ശമ്പളം 11,000 രൂപയാണ്. പോഷക ഗുണങ്ങളുളള രുചിയൂറുന്ന ഗുജറാത്തി ഭക്ഷണങ്ങൾ ഈ അടുക്കളകളിൽ ലഭ്യമാണ്. ഗ്രാമതലവനായ പൂനംഭായ് പട്ടേലാണ് വേറിട്ട ആശയം തുടങ്ങിവച്ചത്. 20 വർഷത്തോളം ന്യൂയോർക്കിൽ താമസിച്ചതിനുശേഷം അദ്ദേഹവും കുടുംബവും ചന്ദങ്കിയിലേക്ക് സ്ഥിരതാമസത്തിനായി എത്തുകയായിരുന്നു. ഇവിടെയുളള ജനങ്ങൾ പരസ്പരം സ്‌നേഹമുളളവരാണെന്നും അദ്ദേഹം പറയുന്നു.
കമ്യൂണിറ്റി അടുക്കളകളിൽ സോളാറിൽ പ്രവർത്തിക്കുന്ന എയർകണ്ടീഷണറുകൾ സ്ഥാപിച്ച മുറിയിലാണ് ഭക്ഷണം വിളമ്പുന്നത്. ജനങ്ങൾ അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അവിടെ വച്ചാണ് പങ്കുവയ്ക്കുന്നത്. പരസ്പരം നല്ലൊരു ബന്ധം വളർത്തിയെടുക്കാൻ ഈ കൂടിച്ചേരലുകൾ സഹായിക്കുന്നുണ്ട്. പുതിയ ആശയം അറിഞ്ഞ് അടുത്തുളള ഗ്രാമങ്ങളിലെ ജനങ്ങളും കമ്യൂണിറ്റി അടുക്കളകളിൽ എത്താറുണ്ട്. ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന ആളുകളുളള സമൂഹത്തിന് മാതൃകയാക്കാൻ പറ്റിയ ഒരു ആശയം കൂടിയാണിത്.