
പതിവായി കാപ്പികുടി ശീലമാക്കിയവർ ഇപ്പോൾ അന്താളിച്ച് നിൽക്കുകയാണ്. കടുംകാപ്പി കുടി മുട്ടിക്കും വിധമാണ് കാപ്പിക്കുരുവിന്റെയും കാപ്പിപ്പൊടിയുടെയും വില കുതിച്ചുയരുന്നത്. മൊത്തവിപണിയിൽ തന്നെ കാപ്പിപ്പൊടി വില കിലോഗ്രാമിന് 720 രൂപയായി കുതിച്ചുയർന്നു. ചില്ലറ വില ഇതിലും കൂടുതലാണ്.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു വിലവർദ്ധനവ്. കാപ്പികൃഷി കേരളത്തിൽ കുറഞ്ഞതും ഉത്പാദനം വലിയതോതിൽ ഇടിഞ്ഞതുമാണ് വിലയിലെ കുതിച്ചുകയറ്റത്തിന് കാരണം. എട്ടു രൂപയ്ക്ക് ലഭിച്ചിരുന്ന കടുംകാപ്പിക്ക് തട്ടുകടയിൽ പോലും 10-12 രൂപയായി. പൊടികാപ്പി 15രൂപ മുതൽ മേലോട്ടാണ്. നിലവാരമനുസരിച്ച് ചില ഹോട്ടലുകളിൽ വില ഇരട്ടിയാണ്.
സബ്സിഡിയില്ല, ചെടി വെട്ടിമാറ്റി
ഇടുക്കി,വയനാട് ജില്ലകൾക്ക് പുറമേ കോട്ടയത്തെ മലയോര മേഖലയിലും മുമ്പ് കാപ്പികൃഷി സജീവമായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 15000 അടിക്കു മുകളിലുള്ള സ്ഥലത്തെ കൃഷിക്ക് മാത്രമേ സബ്സിഡി ലഭിക്കൂ എന്ന നിബന്ധന കോഫി ബോർഡ് കൊണ്ടുവന്നതോടെ കാപ്പിച്ചെടികളെല്ലാം കർഷകർ വെട്ടിമാറ്റി. ലോക വ്യാപകമായി ഉത്പാദന കുറവും ഇടുക്കി, വയനാട് ജില്ലകളിൽ രോഗബാധയും കൃഷിനാശവും സംഭവിച്ചതോടെയാണ് കാപ്പിക്കുരു വില മുകളിലേക്ക് കുതിച്ചത്. സംഭരിച്ച കാപ്പിക്കുരു വില ഇനിയും വർദ്ധിക്കുമെന്ന കണക്കുകൂട്ടലിൽ കർഷകർ പിടിച്ചുവെച്ചതും വില ഉയരാൻ കാരണമായി.
സർവ്വത്ര മായം
അമിത വിലയ്‌ക്കൊപ്പം കാപ്പിപ്പൊടിയിൽ മായം കലർത്തലും വ്യാപകമായി. കാപ്പിക്കുരുവിന്റെ തോട്, തിപ്പൊലി തുടങ്ങിയവ പൊടിച്ചുചേർക്കുന്നതിന് പുറമേ ചിക്കറിക്കു പകരം കടുപ്പം കൂട്ടാൻ രാസവസ്തുക്കളും ചേർക്കുന്നതായി പരാതിയുണ്ട്.
കർഷകർക്ക് നേട്ടമില്ല
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉത്പാദനം കുറഞ്ഞതോടെ റെക്കാഡ് വിലയുടെ നേട്ടം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. മഴ മൂലം വയനാട്ടിൽ ഉൾപ്പെടെ വിളവ് കുറഞ്ഞു.
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കി കോഫി ബോർഡ് സബ്സിഡി നിശ്ചയിച്ചതാണ് കോട്ടയം ജില്ലയിലടക്കം കേരളത്തിൽ കാപ്പികൃഷി കുറയാൻ കാരണമെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ്പ് പറയുന്നു.