
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി അന്വേഷണമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അന്വേഷണം വേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചേർന്നത്. ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു എന്ന് വിലയിരുത്തിയ സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ചു.
എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹത്തെ ഉടൻ മാറ്റേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാൽ ഇതിന്റെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ എഡിജിപിയെ മാറ്റാമെന്നാണ് തീരുമാനത്തിലാണ് സിപിഎം എത്തിച്ചേർന്നത്.
'ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏൽപിച്ച പി ശശി പരാജയപ്പെട്ടു. ശശി ഉത്തരവാദിത്തം നിർവഹിച്ചില്ല. എം.ആർ. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. .വിശ്വസ്തർ കിണറുകുഴിച്ച് വച്ചിരിക്കുന്നു. വിശ്വസിച്ച് ഏൽപിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. ശശിക്ക് അറിവുണ്ടോയെന്ന് തനിക്കറിയില്ല. അദ്ദേഹം വിലയിരുത്തിയിട്ടുണ്ടെങ്കിൽ ഇങ്ങനെയൊരു കൊള്ളനടക്കുമോ.പി. ശശി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നൽകിയിട്ട് നടപടിയുണ്ടായില്ല'. എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് പി ശശിക്കെതിരെ അൻവർ ഉയർത്തിയത്.
നേരത്തേ പി വി അൻവർ എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശമുന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിരുന്നു.
'നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്മെന്റിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടിശത്രുക്കള്‍ക്ക് ഗവണ്മെന്റിനേയും, പാര്‍ട്ടിയേയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു' എന്നായിരുന്നു പ്രസ്താവനയിൽ പറഞ്ഞിരുന്നത്.